പപ്പടം പൊടിഞ്ഞതിന്റെ പേരിലും പായസത്തിന് ഉപ്പില്ലെന്നു പറഞ്ഞുവരെയും വിവാഹവീട്ടിൽ കയ്യാങ്കളികൾ നടക്കുന്നത് സ്ഥിരം സംഭവമാണ്. മുൻപന്തിയിൽ കേരളം ഉണ്ട് എന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഒരു സംഭവം അങ്ങ് ഉത്തർപ്രദേശിൽ നടന്ന വാർത്തയാണ് പുറത്തുവരുന്നത്. ഭക്ഷണം വിളമ്പാൻ വൈകിയെന്ന് ആരോപിച്ച് വരൻ വിവാഹം വേണ്ടെന്ന് വെച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്. പകരം വരൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയും ചെയ്തു.
ഏഴ് മാസം മുമ്പ് നിശ്ചയിച്ചിരുന്നതായിരുന്നു വിവാഹം. ഡിസംബർ 22 -ന് പരമ്പരാഗതമായ ആഘോഷങ്ങളോടെ വിവാഹപരിപാടികൾ ആരംഭിക്കുകയും ചെയ്തു. വധുവിൻ്റെ കുടുംബം മധുരപലഹാരങ്ങൾ നൽകി വരന്റെ സംഘത്തെ സ്വാഗതം ചെയ്തു. പിന്നീട്, അത്താഴവും വിളമ്പി. എന്നാൽ, വരന്റെ സംഘത്തിലൊരാൾ വധുവിന്റെ വീട്ടുകാർ റൊട്ടി വിളമ്പാൻ വൈകി എന്നാരോപിച്ച് പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. ഇത് വലിയ സംഘർഷത്തിന് വഴിവെച്ചു.
വധുവിന്റെ വീട്ടുകാർ വരനോടും കുടുംബത്തോടും സംസാരിക്കുകയും അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, വരൻ അവിടെ നിന്നും ഇറങ്ങിപ്പോവുകയായിരുന്നത്രെ. മാത്രമല്ല, അധികം വൈകാതെ അയാൾ ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.
ആകെ തകർന്നുപോയ വധുവിൻ്റെ വീട്ടുകാർ ഇൻഡസ്ട്രിയൽ നഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ഡിസംബർ 24 -ന് പൊലീസ് സൂപ്രണ്ടിനും പരാതി നൽകി.
സ്ത്രീധനമായി നൽകിയ ഒന്നരലക്ഷം ഉൾപ്പടെ ഏഴുലക്ഷം രൂപയുടെ സാമ്പത്തികനഷ്ടമാണ് തങ്ങൾക്കുണ്ടായത് എന്ന് വധുവിൻ്റെ വീട്ടുകാർ പറഞ്ഞു. വരൻ്റെ കുടുംബത്തിലെ അഞ്ച് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് വധു ആവശ്യപ്പെടുകയും നിയമനടപടി സ്വീകരിക്കാൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
CONTENT HIGHLIGHT: delay in serving food groom left wedding venue