കുട്ടികൾക്ക് മാത്രമല്ല, എത്ര വലുതായി എന്ന് പറഞ്ഞാലും മുതിർന്നവർക്ക് പലർക്കും സൂചി കണ്ടാൽ പേടിയാണ്. സൂചി പേടി കാരണം എന്തെങ്കിലും അസുഖം വന്നാൽ ആശുപത്രിയിൽ പോകാൻ പോലും പലരും മടിക്കാറുണ്ട്. എന്നാൽ സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലേക്ക് എത്തിക്കുന്ന സിറിഞ്ച് കണ്ടുപിടിച്ചിരിക്കുകയാണ് ബോംബെ ഐഐടി. ഇവർ വികസിപ്പിച്ചെടുത്ത പുതിയ ഷോക്ക് സിറിഞ്ച് തൊലിയ്ക്ക് നാശം വരുത്തുകയോ അണുബാധ ഉണ്ടാക്കുകയോ ചെയ്യില്ല.
ഐഐടി ബോംബെയിലെ എയറോസ്‌പേസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫ. വിരേന്‍ മെനസെസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഷോക്ക് വേവ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറിഞ്ച് വികസിപ്പിച്ചെടുത്തത്. മൂര്‍ച്ചയുള്ള സൂചി ഉപയോഗിച്ച് ചര്‍മം തുളയ്ക്കാതെ തന്നെ മരുന്ന് ഉള്ളില്‍ നല്‍കാന്‍ കഴിയും. ദ്രാവക രൂപത്തിലുള്ള മരുന്നുകള്‍ ഷോക്ക് വേവിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുക.
വിമാനത്തിന്റെ വേഗത്തേക്കാൾ ഇരട്ടി വേഗതയിലാണ് ഈ സിറിഞ്ച് ശരീരത്തിനുള്ളില്‍ പ്രവേശിക്കുക. വേഗത്തിലും വേദനയില്ലാതെയുമാണ് ഇത് ശരീരത്തില്‍ തുളച്ചു കയറുക. അതിനാൽ മരുന്നു കയറുമ്പോള്‍ രോഗിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും തോന്നുകയുമില്ല. പരമ്പരാഗത രീതിയിലുള്ള കുത്തിവയ്പ്പുകള്‍ക്കുണ്ടാകുന്ന വേദനയും ബുദ്ധിമുട്ടുകളും ഇതില്‍ കുറവായിരിക്കും.
ഒരു ബോള്‍പോയിന്റ് പേനയുടെ വലിപ്പമുള്ള ഉപകരണത്തില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത നോസില്‍ സജ്ജീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ മുടിയുടെ അത്രമാത്രം വീതിയാണ് ഈ നോസിലിന് ഉള്ളത്. ഇതാണ് കുത്തിവെപ്പ് എടുക്കുമ്പോള്‍ വേദന കുറയ്ക്കുന്നതും കാര്യക്ഷമത ഉറപ്പാക്കുന്നതും.
വാക്‌സിനേഷന്‍ പ്രചാരണങ്ങളില്‍ വലിയ മാറ്റം ഈ ഷോക്ക് സിറിഞ്ചുകള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്, പ്രത്യേകിച്ച് കുട്ടികളില്‍. സൂചി ഉപയോഗിച്ച് കുത്തുമ്പോഴുള്ള അണുബാധകൾ തടയാനും കഴിയും. നോസില്‍ മാത്രം മാറ്റി ആയിരത്തിലേറെ തവണ ഈ സിറിഞ്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ചെലവ് കുറയ്ക്കാനും സഹായിക്കും.
CONTENT HIGHLIGHT: bombay iit develops a syringe to perform painless injection