കേരള നിയമസഭ ജനുവരി 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി പ്രത്യേക സ്റ്റുഡന്റ്സ് കോര്‍ണറും സിറ്റി ടൂര്‍ പാക്കേജും ഒരുക്കും. പുസ്തകോത്സവത്തിലെ ഇത്തവണത്തെ പ്രധാന സവിശേഷതകളിലൊന്നാണ് അപ്പര്‍ പ്രൈമറി തലം വരെയുള്ള സന്ദര്‍ശക വിദ്യാര്‍ത്ഥികള്‍ക്കായി സജ്ജീകരിക്കുന്ന ‘സ്റ്റുഡന്റ്സ് കോര്‍ണര്‍’ എന്ന പ്രത്യേക വേദി. വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങള്‍ ഈ വേദിയില്‍ പ്രകാശനം ചെയ്യും. കുട്ടികള്‍ക്ക് ചെറിയ സറ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരവുമുണ്ട്. വിജ്ഞാനത്തോടൊപ്പം വിനോദവും പ്രദാനം ചെയ്യുന്ന വിവിധ പരിപാടികള്‍ സ്റ്റുഡന്റ്റ്സ് കോര്‍ണറില്‍ സംഘടിപ്പിക്കും.
പുസ്തകോത്സവം സന്ദര്‍ശിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ സൗജന്യമായി സന്ദര്‍ശിക്കാനുള്ള സിറ്റി ടൂര്‍ പാക്കേജ് ലഭ്യമാക്കും. നിയമസഭാഹാള്‍, മ്യൂസിയങ്ങള്‍, മൃഗശാല തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് യാത്രകള്‍ ഒരുക്കുന്നത്. കൂടാതെ കെ.എസ്.ആര്‍.ടി.സി. യുടെ ഡബിള്‍ ഡെക്കര്‍ ബസ്സില്‍ സിറ്റി റൈഡും കുട്ടികള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.
ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയാണ് ഇത്തവണ പുസ്തകോത്സവത്തില്‍ പ്രതീക്ഷിക്കുന്നത്. സ്‌കൂളുകള്‍ക്ക് സന്ദര്‍ശന സമയം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുവാനുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം പുസ്തകോത്സവത്തിന്റെ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. മാജിക് ഷോ, പപ്പറ്റ് ഷോ, തത്സമയ ക്വിസ് മത്സരങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയ പരിപാടികളും വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കും. പുസ്തകോത്സവത്തിന്റെ ഭാഗമായി വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഫുഡ്കോര്‍ട്ടും സജ്ജീകരിക്കുന്നുണ്ട്.
പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. പാനല്‍ ചര്‍ച്ചകള്‍, ഡയലോഗ്, ടാക്ക്, മീറ്റ് ദ ഓതര്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 70ലധികം പരിപാടികള്‍ നടക്കും. 350 പുസ്തക പ്രകാശനവും 60 ലധികം പുസ്തക ചര്‍ച്ചകളും നടക്കും. ദിവസവും വൈകിട്ട് 7 മുതല്‍ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും