വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ കരുത്തരായ മധ്യപ്രദേശിനെ 151 റണ്‍സിന് പുറത്താക്കി കേരളം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സ് എന്ന നിലയിലാണ്. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് നിരയില്‍ 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ യഷ് വര്ധന് സിങ് ചൌഹാന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. രണ്ടാം വിക്കറ്റില്‍ യഷ് വര്‍ധനും കനിഷ്ക് ഗൌതമും ചേര്‍ന്ന് നേടിയ 57 റണ്‍സാണ് മധ്യപ്രദേശ് ഇന്നിങ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. തുടര്‍ന്നെത്തിയവരില്‍ 22 റണ്‍സെടുത്ത ആര്‍ണവ് മാത്രമാണ് പിടിച്ചു നിന്നത്. കനിഷ്ക് 13 റണ്‍സെടുത്തു. ഇവര്‍ക്ക് പുറമെ 14 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കരണ്‍ തോമര്‍ മാത്രമാണ് മധ്യപ്രദേശ് നിരയില്‍ രണ്ടക്കം കടന്നത്. കേരളത്തിന് വേണ്ടി ഇഷാന് കുനാല്‍ നാല് വിക്കറ്റ് വീഴ്ത്തി. ഗൌതം പ്രജോദ് മൂന്നും തോമസ് മാത്യു രണ്ടും അബ്ദുള്‍ ബാസിദ് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. നെവിന്, ലെറോയ് ജോക്വിം ഷിബു, അര്ജുന് ഹരി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. കളി നിര്‍ത്തുമ്പോള്‍ മൂന്ന് റണ്‍സോടെ ജൊഹാന്‍ ജിക്കുപാലും ഒരു റണ്ണോടെ ക്യാപ്റ്റന്‍ ഇഷാന് രാജുമാണ് ക്രീസില്‍