വിസ്മയങ്ങളുടെ കലവറയാണ് രാജസ്ഥാന്‍, കോട്ടകളും, കൊട്ടാരങ്ങളും മരുഭൂമിയും കാടുകളും എന്നുവേണ്ട വൈവിധ്യമാണ് എങ്ങും. രാജഭരണകാലത്തിന്റെ പ്രൗഡി എത്രയായിരുന്നുവെന്ന് ഓര്‍മ്മിപ്പിയ്ക്കുന്ന ചരിത്രസ്മാരകങ്ങള്‍ ഏറെയുണ്ടിവിടെ. രാജസ്ഥാനിലെ ഓരോ സ്ഥലങ്ങളും വ്യത്യസ്തമാണ്. പ്രത്യേകിച്ചും രാജ്യത്തിന്റെ ഇങ്ങേയറ്റക്കാരായ കേരളീയര്‍ക്കും മറ്റും അതിശയമുണ്ടാക്കുന്ന ജീവിതരീതികളും സംസ്‌കാരികമായ പ്രത്യേകതകളും രാജസ്ഥാനില്‍ കാണാം. ആരവല്ലിമലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹരമായ ഒരു നഗരമാണ് അജ്മീര്‍. രാജസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരമായ അജ്മീര്‍ അജ്മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. തലസ്ഥാനമായ ജയ്പൂരില്‍ നിന്നും 135 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. അജയമേരുവെന്ന പഴയപേരാണ് അജ്മീര്‍ എന്നായി മാറിയത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ കോട്ടകളിലൊന്നായ താരാഗഡ് കോട്ട സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. രാജസ്ഥാന്റെ ഹൃദയം എന്നാണ് അജ്മീറിനെ വിശേഷിപ്പിക്കാറുള്ളത്. എ ഡി എഴാം നൂറ്റാണ്ടില്‍ അജയ് രാജ് സിങ് ചൗഹാനാണ് അജ്മീര്‍ നഗരം സ്ഥാപിച്ചത്. പിന്നീടങ്ങോട്ട് അനേകം വര്‍ഷങ്ങള്‍ ചൗഹാന്‍ രാജവംശത്തിന് കീഴിലായിരുന്നു അജ്മീര്‍. പൃഥ്വിരാജ് ചൗഹാന്‍ ഇവിടുത്തെ ഏറ്റ പ്രശസ്തരായ ഭരണാധികാരികളിലൊരാളാണ്.
എഡി 1193ല്‍ മുഹമ്മദ് ഗോറി അജ്മീര്‍ പിടിച്ചടക്കിയിരുന്നു, വിലയേറിയ പലകാഴ്ചകളും നല്‍കിയാണ് ഒടുക്കം ചൗഹാന്മാര്‍ ഇവിടുത്തെ ഏകാധിപത്യം തിരിച്ചുപിടിച്ചത്. പിന്നീട് 1356ല്‍ മേവാര്‍ ഭറണാധികാരി അജ്മീര്‍ തന്റെ അധീനതയിലാക്കി. പിന്നീട് 1532ല്‍ മാര്‍വാര്‍മാരും അജ്മീര്‍ പിടിച്ചടക്കി. ഇതിനുശേഷം 1553ല്‍ ഹിന്ദു ചക്രവര്‍ത്തിയായിരുന്ന ഹേം ചന്ദ്ര വിക്രമാദിത്യന്‍ അജ്മീറിനെ തന്റെ അധികാരപരിധിയിലാക്കി. 1556ല്‍ നടന്ന രണ്ടാം പാനിപ്പത്ത് യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഇതുകഴിഞ്ഞ് 1559ല്‍ അജ്മീര്‍ മുഗള്‍ സാമ്രാജ്യത്തിന് കീഴിലായി. അക്ബറായിരുന്നു അജ്മീര്‍ ഭരിച്ച ആദ്യ മുഗള്‍ ചക്രവര്‍ത്തി. പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ മറാത്തരാജാക്കന്മാര്‍ അജ്മീറിനെ പിടിച്ചടക്കി. അതുകഴിഞ്ഞപ്പോള്‍ പിന്നീട് ബ്രിട്ടീഷുകാരുടെ ഊഴമായി, 1818ല്‍ അജ്മീര്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. അമ്പതിനായിരം രൂപയ്ക്ക് അജ്മീര്‍ വിട്ടുകൊടുക്കാന്‍ മറാത്തരാജാക്കന്മാര്‍ നിര്‍ബ്ബന്ധിതരായി. തുടര്‍ന്ന് അജ്മീര്‍ അജ്മീര്‍-മേവാര്‍ പ്രവിശ്യയുടെ ഭാഗമായിമാറി. 1950ല്‍ അജ്മീര്‍ എന്ന സംസ്ഥാനം രൂപീകരിക്കപ്പെട്ടു. 1956 നവംബര്‍ ഒന്നിനാണ് അജ്മീര്‍ ഇന്നത്തെ രാജസ്ഥാന്റെ ഭാഗമാകുന്നത്.
അജ്മീര്‍ ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇവിടുത്തെ ദര്‍ഗ ഷെരീഫ് ഒരു മുസ്ലീം തീര്‍ത്ഥാടനകേന്ദ്രമാണെങ്കില്‍ ജാതി,മത ഭേദമെന്യേ ഇവിടെ തീര്‍ത്ഥാടകര്‍ എത്താറുണ്ട്. സൂഫി വര്യനായ കാജാ മൊയ്‌നൂദ്ദീന്‍ ചിശ്തിയുടെ ശവകുടീരമാണ് ഈ ദര്‍ഗ, താരഗഡ് കുന്നിന്റെ അടിവാരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മനുഷ്യനിര്‍മ്മിതമായ അനാ സാഗര്‍ തടാകമാണ് മറ്റൊരു വിസ്മയം, നഗരത്തിന്റെ വടക്കുഭാഗത്തായിട്ടാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ പണികഴിപ്പിച്ച പവലിയന്‍സ് അഥവാ ബര്‍ദരി ഈ തടാകത്തെ കൂടുതല്‍ മനോഹരമാക്കുന്നു. അന സാഗര്‍ നഗരത്തിലെ പ്രധാന പിക്‌നിക് കേന്ദ്രങ്ങളില്‍ ഒന്നാണ്, രാജസ്ഥാന്‍കാരും പുറം സംസ്ഥാനക്കാരുമായി ഒട്ടേറെ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. അക്ബര്‍ ചക്രവര്‍ത്തിയുടെ വാസസ്ഥലമായിരുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അജ്മീര്‍ മ്യൂസിയം കണ്ടിരിക്കേണ്ടതാണ്. 6, 7നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഹിന്ദു ദൈവങ്ങളുടെ രൂപങ്ങല്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ മുഗള്‍, രജപുത് ഭരണകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും, നിര്‍മ്മിക്കപ്പെട്ട രൂപങ്ങളുമെല്ലാം ഇവിടെ കാണാന്‍ കഴിയും.
അധായ് ദിന്‍ കാ ജോപ്ര എന്ന പള്ളിയാണ് വിഷേഷപ്പെട്ട മറ്റൊരു കാഴ്ച. രണ്ടര ദിവസം കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ് ഈ പള്ളിയെന്നാണ് വിശ്വാസം. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യാരീതിയുടെ ഉത്തമോദാഹരണമാണ് ഈ മുസ്ലീം പള്ളി. ദി നസിയാന്‍ ടെംപിള്‍. ദി നിംബാര്‍ക്ക് പീഠ്, നരേലി ജൈന ക്ഷേത്രം തുടങ്ങിയവയാണ് മറ്റ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ഹിന്ദുക്കളുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ പുഷ്‌കര്‍ അജ്മീറിലാണ്. നഗരത്തില്‍ നിന്ന് 11 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. പുഷ്‌കര്‍ തടാകത്തിലെ ബ്രഹ്മ ക്ഷേത്രമാണ് ഇവിടുത്തെ സവിശേഷത. ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണേ്രത ഇത്. വര്‍ഷാവര്‍ഷം ഒട്ടനേകെ തീര്‍ത്ഥാടകരാണ് പുഷ്‌കറില്‍ എത്തി ബ്രഹ്മാവിന്റെ അനുഗ്രഹം തേടുന്നത്. വിമാനം, റെയില്‍, റോഡ് എന്നീ യാത്രാമാര്‍ഗ്ഗമെല്ലാം സുഖകരമായി അജ്മീറിലെത്താം. ജയ്പൂരിലെ സംഗാനെര്‍ വിമാനത്താവളമാണ് അജ്മീറിന് അടുത്തുള്ളത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടെ തീവണ്ടികളുമുണ്ട്, അജ്മീര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിക്കഴിഞ്ഞ് നഗരത്തിലെത്തുക എളുപ്പമാണ്. രാജസ്ഥാനിലെ മറ്റു നഗരങ്ങളില്‍ നിന്നെല്ലാം അജ്മീറിലേയ്ക്ക് നല്ല റോഡുബന്ധമുണ്ട്. റോഡുമാര്‍്ഗം യാത്രചെയ്യുന്നവര്‍ക്കും മുഷിപ്പും ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരില്ല. ശീതകാലമാണ് അജ്മീര്‍ സന്ദര്‍ശനത്തിന് പറ്റിയ സമയം. ഈ സമയത്ത് ഇവിടെ തെളിഞ്ഞ മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടുക.
STORY HIGHLIGHTS: Ajmer is a wonder in the lap of Aravalli