ഭൂമിയില്‍ ക്രിസ്‌തുമസ് ആഘോഷിക്കുമ്പോള്‍ 149 ദശലക്ഷം കിലോമീറ്റര്‍ അകലെ സൂര്യനും ആഘോഷത്തിമിര്‍പ്പിലായിരുന്നു. കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടുമെങ്കിലും 2024 ഡിസംബര്‍ 25ന്‍റെ അവസാന മണിക്കൂറുകളില്‍ രണ്ടര മണിക്കൂറിനിടെ നാലുവട്ടമാണ് സൗരജ്വാലയുണ്ടായതെന്ന് സ്പേസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്‌തുമസ് ദിനം സൗരജ്വാലകളുടെ പ്രളയത്തിനാണ് ബഹിരാകാശം സാക്ഷ്യംവഹിച്ചത്. ഡിസംബര്‍ 25ന് വൈകിട്ട് രണ്ടര മണിക്കൂര്‍ കൊണ്ട് നാല് സൗരജ്വാലകളുണ്ടായി. സൂര്യോപരിതലത്തിലെ AR3938, AR3933, AR3936 എന്നിങ്ങനെയുള്ള മൂന്ന് സണ്‍സ്‌പോട്ടുകളിലായിരുന്നു സൗരജ്വാല പ്രത്യക്ഷപ്പെട്ടത് എന്ന് സ്പേസ്‌വെതര്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.
ഇവയില്‍ ഏറ്റവും ശക്തമായ സൗരജ്വാല ഈസ്റ്റേണ്‍ടൈം രാത്രി 10.15ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എം7.3യാണ്. AR3938 സണ്‍സ്‌പോട്ടിലായിരുന്നു ഈ സ്വരജ്വാലയുണ്ടായത്. എക്‌സ് ക്ലാസില്‍പ്പെട്ട സൗരജ്വാലകള്‍ക്ക് പിന്നിലായി കരുത്തില്‍ രണ്ടാമതുള്ള സൗരജ്വാലകളാണ് എം വിഭാഗത്തില്‍പ്പെടുന്നത്. സൗരജ്വാലകള്‍ കൊറോണല്‍ മാസ് ഇജക്ഷന് (സിഎംഇ) കാരണമാകുന്നത് പതിവാണ്. എങ്കിലും ഡിസംബര്‍ 25ലെ സൗരജ്വാലകളെ തുടര്‍ന്നുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍ ഭൂമിയില്‍ ധ്രുവദീപ്തി സൃഷ്ടിക്കുമോ എന്ന് വ്യക്തമല്ല. സൂര്യനില്‍ നിന്ന് വലിയ അളവില്‍ പ്ലാസ്മയും സൗരവാതകങ്ങളും കാന്തികക്ഷേത്രങ്ങളും പുറംതള്ളുന്നതിനെയാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന് വിളിക്കുന്നത്.
സൗരപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ബഹിരാകാശത്ത് പടരുന്ന സിഎംഇകള്‍ ഭൂമിയിലേക്കും സഞ്ചരിക്കുമെങ്കിലും നമ്മുടെ ഗ്രഹത്തിന് കാന്തമണ്ഡലമുള്ളതിനാല്‍ ഇത്തരം സൗരകൊടുങ്കാറ്റുകള്‍ മനുഷ്യര്‍ക്ക് നേരിട്ട് ഹാനികരമാകാറില്ല. എന്നാല്‍ സിഎംഇകള്‍ റേഡിയോ പ്രക്ഷേപണത്തില്‍ പ്രശ്‌നങ്ങള്‍, ജിപിഎസ് അടക്കമുള്ള നാവിഗേഷന്‍ സിഗ്നലുകളില്‍ തകരാര്‍, പവര്‍ഗ്രിഡുകളില്‍ പ്രശ്‌നങ്ങള്‍, സാറ്റ്‌ലൈറ്റുകളില്‍ തകരാര്‍ എന്നിവയ്ക്ക് കാരണമാകാറുണ്ട്. 2024 ഡിസംബര്‍ 25ലെ സൗരജ്വാലകള്‍ ഭൂമിയില്‍ എന്തെങ്കിലും പ്രത്യാഘാതം സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകളില്ല.
STORY HIGHLIGHTS : in-the-final-hours-of-christmas-day-2024-the-sun-fired-off-four-solar-flares-within-three-hours