തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ തലസ്ഥാനത്ത് തുടങ്ങി. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലും, പുത്തരിക്കണ്ടം മൈതാനത്തും സ്റ്റേജിന്റെ പണികൾ ആരംഭിച്ചു. ജനുവരി നാല് മുതൽ എട്ട് വരെയാണ് ഇത്തവണ കലോത്സവം നടക്കുക. കലോത്സവത്തിന് അരങ്ങുണരാൻ ഇനി 5 നാൾ മാത്രമാണ് ബാക്കിയുള്ളത്.
മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ മരണത്തെ തുടർന്ന് പന്തലിന്റെ കാൽനാട്ടിൽ കർമം ഇത്തവണ ഉണ്ടായിരുന്നില്ല. എന്നാൽ മാറ്റ് ഒട്ടും കുറക്കാതെ പന്തൽ കൈമാറൽ ആഘോഷമാക്കാനാണ് കമ്മിറ്റി അംഗങ്ങളുടെ തീരുമാനം. കലാപ്രതിഭകളെ സ്വീകരിക്കാൻ നാടൊരുങ്ങുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് മത്സരാർത്ഥികൾ. 25 വേദികളിലായി 15000ത്തിൽ അധികം വിദ്യാർഥികളാണ് അഞ്ച് ദിവസം നീണ്ടുനിക്കുന്ന കലാ മാമാങ്കത്തിൽ ഇത്തവണ മാറ്റുരക്കുന്നത്.