World

ഗസ്സ വെടിനിർത്തൽ; നീണ്ട ഇടവേളയ്ക്ക് ശേഷം മധ്യസ്ഥ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു

ദോഹ: നീണ്ട ഇടവേളയ്ക്ക് ശേഷം ഗസ്സ മധ്യസ്ഥ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ദോഹയില്‍ ഹമാസ് ‌നേതൃത്വവുമായി ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി കൂടിക്കാഴ്ച നടത്തി. ഡോക്ടര്‍ ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധികളുമായാണ് ഖത്തര്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. മധ്യസ്ഥ ചര്‍ച്ചകളുടെ നിലവിലെ സ്ഥിതിയും ഗസ്സയില്‍ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള വഴികളും ചര്‍ച്ചയായി. മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി കഴിഞ്ഞയാഴ്ച ഇസ്രായേലിന്റെയും അമേരിക്കയുടെയും പ്രതിനിധികള്‍ ദോഹയിലുണ്ടായിരുന്നു.

സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സ് ഉള്‍പ്പെടെയുള്ളവര്‍ ഇസ്രായേല്‍ സംഘത്തിലുണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യസ്ഥതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇസ്രായേല്‍ സര്‍ക്കാരിനെ ധരിപ്പിക്കാനാണ് സംഘം മടങ്ങിയത്. 96 ബന്ദികള്‍ നിലവില്‍ ഹമാസിന്റെ തടവിലുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്ക്, ഇതില്‍ 34 പേര്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ആഗസ്റ്റില്‍ ദോഹയിലും ഈജിപ്തിലുമായി നടന്ന ചര്‍ച്ചകള്‍ ഫലം കാണാതിരുന്നതോടെ മധ്യസ്ഥ ശ്രമങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതായി നവംബറില്‍ ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുന്ന കാര്യം ഖത്തര്‍ സ്ഥിരീകരിക്കുന്നത്