പത്തനംതിട്ട: പത്തനംതിട്ട സിപിഎം ജില്ലാ സമ്മേളനത്തിൽ മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെതിരെ രൂക്ഷവിമര്‍ശനം. ബിജെപി നേതാവ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയതല്ല പ്രശ്നമെന്നും ദല്ലാള്‍ നന്ദകുമാറുമായി ഇപി ജയരാജന് എന്ത് ബന്ധമാണെന്ന് പ്രതിനിധികള്‍ സമ്മേളനത്തിലെ ചര്‍ച്ചക്കിടെ ചോദിച്ചു. പൊതുചര്‍ച്ചയ്ക്കിടെയാണ് വിമര്‍ശനം ഉയര്‍ന്നത്.
അതേസമയം, സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ മുഖ്യമന്ത്രി തന്നെ ചർച്ചകളിൽ നേരിട്ട് പങ്കെടുക്കാന്‍ സാധ്യതയുണ്ട്. പൊതുചര്‍ച്ച ഇന്നും തുടരും. മുഖ്യമന്ത്രി വൈകിട്ടോടെ സമ്മേളനത്തിന് എത്തിയേക്കും. ഇന്നലെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണവും ചര്‍ച്ചയായിരുന്നു. പത്തനംതിട്ട സ്വദേശിയായതിനാൽ തന്നെ നവീൻ ബാബുവിന്‍റെ മരണവും ഇതുസംബന്ധിച്ചുള്ള കേസും പാർട്ടി നിലപാടുമാണ് സമ്മേളത്തിൽ ചർച്ചയായി മാറിയത്.
നവീൻ ബാബു വിഷയത്തിൽ പാർട്ടിക്ക് ഉള്ളിൽ രൂപപ്പെട്ട ഭിന്നാഭിപ്രായമടക്കം സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടികാട്ടിയിട്ടുണ്ട്. വിവാദങ്ങൾക്ക് ബലം നൽകുന്ന തരത്തിൽ പത്തനംതിട്ടയിലെ ചില നേതാക്കൾ പ്രവർത്തിച്ചുവെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. അത് എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയായി എന്നും ചർച്ച ഉയർന്നു. പി പി ദിവ്യ സിപിഎമ്മുകാരി ആയതിനാൽ വലതുപക്ഷ മാധ്യമങ്ങളുടെ ഇരയായി മാറിയെന്നും പ്രതിനിധികൾ ചൂണ്ടികാട്ടി. നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പം എന്ന പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്‍റെ നിലപാട് ശരിയാണെന്ന അഭിപ്രായവും ഉയർന്നു. സമ്മേളനത്തിലെ ചർച്ച ഇന്ന് വൈകിട്ട് വര തുടരും. ശേഷമാകും ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന നേതൃത്വത്തിന്‍റെയും മറുപടി.