ദക്ഷിണ കൊറിയയിലെ വിമാന ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 85 പേർ മരിച്ചെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. 181 യാത്രക്കാരുമായി തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്. 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ലാന്‍ഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം മതിലിൽ ഇടിച്ചാണ് തകർന്നത്. അപകടം പക്ഷിയിടിച്ചെന്നാണ് പ്രാഥമിക നിഗമനം.
പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. സാധ്യമായതെല്ലാം ചെയ്ത് പരമാവധി യാത്രക്കാരെ രക്ഷിക്കാൻ ആക്ടിംഗ് പ്രസിഡന്‍റ് ചോയ് സാങ്-മോക്ക് നിർദേശം നൽകി.
വിമാനത്തിലെ തീ അണച്ചതായി അഗ്നിശമന സേന അധികൃതർ അറിയിച്ചു. അപകടത്തിന്‍റെ ദൃശ്യം പുറത്തുവന്നു. ഈ ആഴ്ചയിലെ രണ്ടാമത്തെ വിമാന ദുരന്തമാണിത്. നേരത്തെ അസർബൈജാനിൽ വിമാനം തകർന്നു വീണ് 38 പേരാണ് മരിച്ചത്.