World

ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനാപകടം; മരണം 85 ആയി, അപകടം പക്ഷിയിടിച്ചതിന് പിന്നാലെ

ദക്ഷിണ കൊറിയയിലെ വിമാന ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 85 പേർ മരിച്ചെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. 181 യാത്രക്കാരുമായി തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്. 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ലാന്‍ഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം മതിലിൽ ഇടിച്ചാണ് തകർന്നത്. അപകടം പക്ഷിയിടിച്ചെന്നാണ് പ്രാഥമിക നിഗമനം.

പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. സാധ്യമായതെല്ലാം ചെയ്ത് പരമാവധി യാത്രക്കാരെ രക്ഷിക്കാൻ ആക്ടിംഗ് പ്രസിഡന്‍റ് ചോയ് സാങ്-മോക്ക് നിർദേശം നൽകി.

വിമാനത്തിലെ തീ അണച്ചതായി അഗ്നിശമന സേന അധികൃതർ അറിയിച്ചു. അപകടത്തിന്‍റെ ദൃശ്യം പുറത്തുവന്നു. ഈ ആഴ്ചയിലെ രണ്ടാമത്തെ വിമാന ദുരന്തമാണിത്. നേരത്തെ അസർബൈജാനിൽ വിമാനം തകർന്നു വീണ് 38 പേരാണ് മരിച്ചത്.