വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്ന് പൊലീസ്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ തെളിവുകൾ ലഭിച്ചാൽ ചോദ്യം ചെയ്യൽ നടത്തുമെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ആരോപണങ്ങളിൽ സുൽത്താൻബത്തേരി പൊലീസാണ് അന്വേഷണം നടത്തുക.
സംഭവവുമായി ബന്ധപ്പെട്ട് വിശദമായ മൊഴികൾ പൊലീസ് രേഖപ്പെടുത്തും. അതേസമയം, വിഷയത്തിൽ ദുരൂഹത ആരോപിച്ച് സിപിഐഎം ബത്തേരി ഏരിയ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയനേയും മകൻ ജിജേഷിനെയും മണിച്ചിറയിലെ വീട്ടിൽ വിഷം അകത്തുചെന്ന് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവർ മരിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന് വിഷം നൽകിയശേഷം വിജയൻ വിഷം കഴിക്കുകയായിരുന്നെന്നാണ് സ്ഥിരീകരണം.