63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും. ഇത്തവണ ഏറ്റവും മികച്ച രീതിയിൽ നടത്താനാണ് സർക്കാരിന്റ തീരുമാനം. അതിൽ എടുത്തു പറയേണ്ട് ഒന്നാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികൾക്കുള്ള താമസസൗകര്യം. ബാർകോഡ് സ്‌കാൻ ചെയ്താൽ അക്കോമഡേഷൻ ചാർട്ടടക്കം ലഭ്യമാക്കുന്ന സാങ്കേതിക സജ്ജീകരണമാണ് ഇത്തവണ കലോത്സവ നഗരിയിൽ ഒരുക്കിയിരിക്കുന്നത്.
സുരക്ഷിതമായ താമസസൗകര്യത്തിനായി 25 കേന്ദ്രങ്ങളും പത്ത് റിസർവ് കേന്ദ്രങ്ങളുമാണ് തയ്യാറാക്കിയിരിക്കുന്നത്.വിദ്യാർത്ഥികൾക്ക് ബാർകോഡ് സ്‌കാൻ ചെയ്താൽ അക്കോമഡേഷൻ ചാർട്ടും, ലൊക്കേഷനും, ബന്ധപെടേണ്ട നമ്പറും ഉൾപ്പടെയുള്ള വിവരങ്ങൾ ലഭിക്കുന്ന സജ്ജീകരണമാണ് തയാറാക്കുന്നത്.
സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നഗരത്തിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് നഗരത്തിലെ സ്‌കൂളുകളിൽ തന്നെ മികച്ച താമസസൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.
സംസ്ഥാന സ്കൂൾ കലോത്സവം മേളയുടെ ഉദ്‌ഘാടനം ജനുവരി 4 നു രാവിലെ 10 മണിക്ക് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്തി പിണറായി വിജയൻ നിർവഹിക്കും. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പതിനയ്യായിരം കലാപ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും. ഉദ്ഘാടന, സമാപന ചടങ്ങുകൾക്ക് 10000 വിദ്യാർത്ഥികൾ പങ്കെടുക്കും.മത്സരം നടക്കുന്ന 25 വേദികളിലും കായിക മേളയ്ക്ക് സമാനമായി ജനനേതാക്കളെ പങ്കെടുപ്പിച്ചു സംഘാടക സമിതി രൂപീകരിക്കും.