പുതുവർഷമാകാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. 2024 ൽ നിന്ന് 2025 ലേക്ക് കടക്കുമ്പോൾ ഇന്ത്യൻ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ ആണ് പ്രതീക്ഷിക്കുന്നത്. 2025 ൽ രാജ്യത്തെ ഐടി, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻസ്, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് മേഖലകളിലെ നിയമനങ്ങളിൽ 9 ശതമാനം അധിക മുന്നേറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ജോബ്സ് ആൻഡ് ടാലന്റ് പ്ലാറ്റ്ഫോം, ഫൗണ്ടിറ്റ് എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ആണ് ഈ റിപ്പോർട്ടിന് ആധാരം.
2024 ൽ ഉണ്ടായ നിയമനങ്ങളിൽ 10 ശതമാനത്തിന്റെ വളർച്ചയും നവംബർ മാസത്തിൽ മാത്രം 3 ശതമാനത്തിന്റെ തുടർച്ചയായ വളർച്ചയും ഇന്ത്യ കൈവരിച്ചിരുന്നു. ഇത് 2025ലെ തൊഴിൽ നിയമന സാധ്യതകൾ കൂട്ടുമെന്ന് സൂചിപ്പിക്കുന്നതാണ്. ഐടി, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻസ്, മേഖലകളിൽ ആണ് വൻ സാധ്യതയുള്ളത്. 2024 ൽ 10 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ ഉണ്ടായത്. അതിനാൽ തന്നെ 2025 ആകുമ്പോൾ ഐടി, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻസ് മേഖലകളിൽ രാജ്യത്തെ നിയമനങ്ങളിൽ ഒൻപത് ശതമാനം വളർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിൽ വളർന്നുവരുന്ന സാങ്കേതിക വിദ്യകളും വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് മുൻഗണനകളും 2025ൽ തൊഴിൽ വിപണിയേ കൂടുതൽ മെച്ചപ്പെടുത്തും. എഡ്‌ജ് കമ്പ്യൂട്ടിംഗ്, ക്വാണ്ടം ആപ്ലിക്കേഷനുകൾ, സൈബർ സുരക്ഷാ മുന്നേറ്റങ്ങൾ തുടങ്ങിയ നൂതന ആശയങ്ങൾ നിർമ്മാണം, ആരോഗ്യ സംരക്ഷണം, ഐടി തുടങ്ങിയ വ്യവസായങ്ങളെ പരിപോഷിപ്പിക്കാൻ സഹായിക്കും.
2023നെ അപേക്ഷിച്ച് 2024ൽ രാജ്യത്തെ നഗര-ഗ്രാമ മേഖലകളിൽ തൊഴിൽ വിപണി ശക്തമായ മുന്നേറ്റം നടത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം 2025-ൽ നിയമനത്തിൽ 15 ശതമാനം വളർച്ച ഐടി മേഖലയിൽ മാത്രം കൈവരിക്കും. വർദ്ധിച്ചുവരുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകൾ കണക്കിലെടുത്ത് റീട്ടെയിൽ മേഖല നിയമനത്തിൽ 12 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. റിപ്പോർട്ട് പ്രകാരം, 10 ശതമാനം പ്രൊജക്ഷനോടെ ബെംഗളൂരു നഗരാടിസ്ഥാനത്തിൽ വളർച്ചയെ നയിക്കും. ടെക് സ്റ്റാർട്ടപ്പുകൾ, ആഗോള ഐടി സ്ഥാപനങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയിലുടനീളം ആവശ്യകത ശക്തമായി തുടരും.
2023 ജനുവരി മുതൽ 2024 നവംബർ വരെയുള്ള സമയത്തെ ഫൗണ്ടറ്റ് ഇൻസൈറ്റ്‌സ് ട്രാക്കറിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കുന്നത്. 2025ലേക്ക് കടക്കുമ്പോൾ ഇന്ത്യയിലെ തൊഴിൽ വിപണിയിൽ സാധ്യതകൾ ഏറുമെന്നും, 9 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും ഫൗണ്ടിറ്റ് വൈസ് പ്രസിഡന്റ് അനുപമ ഭീരാജ്ക പറയുന്നു.
റീട്ടെയിൽ മീഡിയ നെറ്റ്വക്കുകൾ, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇ കൊമേഴ്‌സ്, എച്ച്ആർ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും കൂടുതൽ തൊഴിൽ സാദ്ധ്യതയേറും. ഇതോടെ കമ്പനികൾ ഒരു നിശ്ചിത മേഖലയ്‌ക്കുള്ളിൽ നിന്ന് മാത്രം ആളുകളെ തെരഞ്ഞെടുക്കുന്ന സാധാരണ രീതിയ്‌ക്ക് മാറ്റംവരുമെന്നും ഇവർ പറയുന്നു