സിനിമ എന്നാൽ വിവാദങ്ങളുടെയും ഗോപ്പുകളുടെയും കളം കൂടിയാണ്. സിനിമയിൽ നിറയുന്നതിലും കൂടുതൽ താരങ്ങൾ നിറയുന്നത് ഗോസിപ്പ് കോളങ്ങളിൽ ആണ്. ഒരു വർഷം സിനിമ ചെയ്തില്ലെങ്കിലും ഏതെങ്കിലും ഒക്കെ ഗോസിപ്പിൽ ചെന്ന് പെടാത്ത താരങ്ങൾ ഇല്ലെന്ന് തന്നെ വേണമെങ്കിൽ പറയാം. 2024 സിനിമ ലോകത്തിന് തീർത്തും നാടകീയമായ വർഷമായിരുന്നു. ഒന്നിന് പുറകെ ഓരോന്നായി പ്രശ്നങ്ങളാണ് സിനിമയിൽ ഉണ്ടായത്. ഹേമ കമ്മിറ്റി റിപ്പോർട്ട് ആണ് കേരളത്തിലെ മലയാള സിനിമകളെ പിടിച്ചു കുലുക്കിയത് എങ്കിൽ തെന്നിന്ത്യൻ സിനിമ ലോകത്ത് നടന്നത് മറ്റു പല വികാസങ്ങളും ആയിരുന്നു. അതിൽ പ്രധാനപ്പെട്ട ഡിവോഴ്സ്കളുടെ ഒരു പെരുമഴയായിരുന്നു. പല താരങ്ങളും ഡിവോഴ്സ് ആയത് ഈ വർഷമായിരുന്നു. ഡിവോഴ്സുകൾ മാത്രമല്ല വിവാഹങ്ങളും സംഭവിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ചിലത് നോക്കാം
ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ ഡിവോഴ്സ് ഗോസിപ്പ്
ബോളിവുഡിൽ ഈ വർഷം ഏറ്റവും കൂടുതൽ ചർച്ചയായ താര ദമ്പതികൾ ഐശ്വര്യ റായും അഭിഷേക് ബച്ചനുമാണ്. ബച്ചൻ കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടെന്ന സംസാരം വ്യാപകമായി. തുടക്കത്തിൽ ഐശ്വര്യയും അഭിഷേകിന്റെ വീട്ടുകാരും തമ്മിലുള്ള അകൽച്ചയാണ് ആരാധകർ ശ്രദ്ധിച്ചത്. എന്നാൽ പിന്നീട് സാഹചര്യം മാറി. അഭിഷേകിനെയും ഐശ്വര്യയെയും ഒരുമിച്ച് പൊതുവേദികളിൽ കാണാത്തത് ചർച്ചയായി.
ഗ്രേ ഡിവോഴ്സിനെക്കുറിച്ചുള്ള ഒരു ലേഖനത്തിന് അഭിഷേക് ലൈക് ചെയ്തു. ഐശ്വര്യയുടെ പിറന്നാൾ ആഘോഷത്തിന് അഭിഷേകോ വീട്ടുകാരോ എത്തിയില്ല. ആനന്ദ് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യ ക്യാമറയ്ക്ക് മുന്നിൽ അഭിഷേകിനോടും വീട്ടുകാരോടും കാണിച്ച അകലവും ചർച്ചയായി. നടി നിമ്രത് കൗറുമായി അഭിഷേക് അടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് റിപ്പോർട്ടുകൾ വന്നു. ഗോസിപ്പ് കടുത്തിട്ടും താര കുടുംബം പ്രതികരിച്ചില്ല. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം ഐശ്വര്യയും അഭിഷേകും ഒരുമിച്ച് ഇവന്റുകൾക്ക് എത്താൻ തുടങ്ങി. ഇതോടെയാണ് ഗോസിപ്പുകൾ അവസാനിച്ചത്.
അല്ലു അർജുനും കേസും
തെലുങ്ക് സിനിമാ ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ ചർച്ചയായ വിവാദം അല്ലു അർജുനെതിരെ വന്ന കേസാണ്. പുഷ്പ 2 പ്രദർശനത്തിനിടെ അല്ലു അർജുനെത്തിയ തിയറ്ററിൽ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീ മരിച്ചു. ഇവരുടെ മകന് ഗുരുതരമായി പരിക്കേറ്റു. പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും യുവതി മരിച്ചത് അറിഞ്ഞിട്ടും അല്ലു അർജുൻ തിയറ്റർ വിട്ട് പോയില്ലെന്ന് ഹൈദരാബാദ് പൊലീസ് ആരോപിച്ചു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുൾപ്പെടെ അല്ലു അർജുനെതിരെ രംഗത്ത് വന്നു. സംഭവം രാഷ്ട്രീയ വിവാദമായി. അല്ലു അർജുന്റെ കുടുംബത്തിന് ആന്ധ്രപ്രദേശ് സർക്കാരിൽ സ്വാധീനമുണ്ട്. എന്നാൽ ഇത് തെലങ്കാനയിൽ വിലപ്പോകുന്നില്ല. ഒരു കോടി രൂപ മരിച്ച സ്ത്രീയുടെ കുടുംബത്തിന് അല്ലു അർജുൻ നൽകുമെന്ന് നടന്റെ പിതാവ് അല്ലു അരവിന്ദ് കഴിഞ്ഞ ദിവസം പറഞ്ഞു.
നയൻതാര-ധനുഷ് തർക്കം
നയൻതാര-ധനുഷ് വിവാദമാണ് തമിഴകത്ത് ഈ വർഷം ഏറ്റവും കൂടുതൽ ചർച്ചയായത്. നാനും റൗഡി താൻ സിനിമയിലെ അണിയറ ദൃശ്യം അനുവാദമില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിന് നയൻതാരയ്ക്കെതിരെ ധനുഷ് പരാതി നൽകി. ധനുഷിനെതിരെ മൂന്ന് പേജുള്ള കത്ത് നയൻതാര പുറത്ത് വിട്ടു. പിന്നാലെ നടന്റെ ആരാധകർ നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം നടത്തി. ധനുഷ് നൽകിയ കേസ് കോടതിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്.
എആർ റഹ്മാൻ ഡിവോഴ്സ്
എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയാൻ തീരുമാനിച്ചത് 2024 ലാണ്. ആരാധകർക്ക് ഞെട്ടലായിരുന്നു ഈ വാർത്ത. പല അഭ്യൂഹങ്ങളും വന്നതോടെ സൈറ ബാനു വേർപിരിയലിനെക്കുറിച്ച് സംസാരിച്ചു. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. റഹ്മാൻ വളരെ നല്ല വ്യക്തിയാണ്. അദ്ദേഹം ചതിച്ചത് കൊണ്ടല്ല പിരിയുന്നതെന്ന് സൈറ ബാനു വ്യക്തമാക്കി.
പൂനം പാണ്ഡെയുടെ വ്യാജ മരണ വാർത്ത
നടി പൂനം പാണ്ഡെയുടെ വ്യാജ മരണ വാർത്തയും 2024 ൽ സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്. സെർവിക്കൽ കാൻസർ ബാധിച്ച് പൂനം മരണപ്പെട്ടെന്നായിരുന്നു 2024 ഫെബ്രുവരി മാസത്തിൽ വന്ന വാർത്ത. എന്നാൽ കുറച്ച് ദിവസത്തിനുള്ളിൽ വാർത്ത തെറ്റാണെന്ന് വ്യക്തമായി. സെർവിക്കൽ കാൻസറിനെതിരെ ബോധവൽക്കരണം നടത്താൻ വേണ്ടിയുള്ള ക്യാംപയിനിന്റെ ഭാഗമായിരുന്നു ഈ വ്യാജ മരണവാർത്ത.
സൽമാൻ ഖാന് വധഭീഷണി
ആരെയും ഭയക്കാത്തവനെന്ന് ആരാധകർ പറയുന്ന ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഒന്ന് വിറച്ച് പോയ വർഷം കൂടിയാണിത്. ലോറൻസ് ബിഷണോയ് ഗ്യാങ്ങിൽ നിന്ന് താരത്തിന് വധ ഭീഷണി വന്നു. സൽമാന്റെ ഗാലക്സി അപാർട്മെന്റിന് വെടിവെപ്പുണ്ടായി. കടുത്ത സെക്യൂരിറ്റി സംവിധാനത്തിലാണ് സൽമാൻ ഇപ്പോഴുള്ളത്.
CONTENT HIGHLIGHT: biggest controversies happened in bollywood and south cinema