ഈ ചൂടുകാലത്ത് എസി ഓണാക്കാതെ വണ്ടിയോടിക്കാൻ എല്ലാവർക്കും മടിയാണ്. എന്നാൽ എസി ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ ഇന്ധന ഉപയോഗം വർദ്ധിക്കുമെന്ന് എല്ലാവർക്കും അറിയാം. അങ്ങനെയാണെങ്കിലും ആരും എസി ഓഫാക്കാറില്ല. പക്ഷേ എസി ഉപയോഗിക്കുമ്പോൾ നിങ്ങളുടെ കയ്യിലുള്ള വാഹനം എത്രത്തോളം പെട്രോൾ ഉപയോഗിക്കുന്നു എന്നതും നിർണായകമാണ്. നിങ്ങളുടെ കാർ മോഡൽ, എൻജിൻ കപ്പാസിറ്റി, എസിയുടെ കാര്യക്ഷമത എല്ലാം ഇതിൽ പെടും. കുറഞ്ഞ ഇന്ധന ചെലവിൽ എങ്ങനെ എസി ഉപയോഗിക്കാം എന്ന് ശ്രദ്ധിക്കാം
സാധാരണയായി ചെറുകാറുകള്‍ക്ക് 1.2 ലീറ്ററിനും 1.5 ലീറ്ററിനും ഇടക്കുള്ള എന്‍ജിനുകളാണുണ്ടാവുക. അതേസമയം വലിയ കാറുകളില്‍ 2.0 ലീറ്റര്‍ മുതല്‍ മുകളിലേക്കായിരിക്കും എന്‍ജിനുകള്‍. എസി ഓണ്‍ ആണെങ്കില്‍ വലിയ എന്‍ജിനുകള്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കും. 1.2 ലീറ്റര്‍ മുതല്‍ 1.5 ലീറ്റര്‍ വരെയുള്ള എന്‍ജിനുകളുള്ള ചെറുകാറുകള്‍ എസി ഉപയോഗിക്കുമ്പോള്‍ ഓരോ മണിക്കൂറിലും ശരാശരി 0.2 ലീറ്റര്‍ മുതല്‍ 0.4 ലീറ്റര്‍ വരെ പെട്രോളാണ് അധികമായി ഉപയോഗിക്കാറ്. 2.0 ലീറ്ററോ അതിനു മുകളിലോ ഉള്ള വലിയ കാറുകളിലേക്കു വന്നാല്‍ എസി ഉപയോഗിക്കുമ്പോഴുള്ള അധിക പെട്രോള്‍ ചിലവ് 0.5 ലീറ്റര്‍ മുതല്‍ 0.7 ലീറ്റര്‍ വരെയാവും.
കാറിന്റെ എന്‍ജിന്റെ അവസ്ഥയും ഇന്ധനക്ഷമതയേയും എസി ഉപയോഗത്തേയും സ്വാധീനിക്കുന്ന ഘടകമാണ്. നിങ്ങളുടെ കാര്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതും കാര്യമായ പരിചരണങ്ങള്‍ നല്‍കാത്തതുമാണെങ്കില്‍ എസി ഉപയോഗിക്കുമ്പോല്‍ അത്യാവശ്യം നല്ല രീതിയില്‍ പെട്രോള്‍ ചിലവാവും. അതേസമയം നല്ല രീതിയില്‍ സര്‍വീസും മറ്റും ചെയ്യുന്ന അധികം പഴക്കമില്ലാത്ത കാറുകളില്‍ ഇന്ധന ചിലവ് കുറവായിരിക്കും.
വാഹനം ഓടിക്കുമ്പോള്‍ മാത്രമല്ല ഇന്ധനം ലാഭിക്കണമെങ്കില്‍ വാഹനം പാര്‍ക്കു ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ചൂടുള്ള സമയത്ത് നല്ല വെയിലത്ത് പാര്‍ക്ക് ചെയ്യാതെ തണലുള്ള ഇടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം. ഇത് വാഹനം ഓടി തുടങ്ങുന്ന സമയത്ത് തണുക്കാന്‍ വേണ്ടി വരുന്ന എസിയുടെ അളവിനേയും അതുവഴി ഇന്ധന ചിലവിനേയും സ്വാധീനിക്കും.
ബുദ്ധിപൂര്‍വ്വം എസി ഉപയോഗിക്കുന്നതും അനാവശ്യ ഇന്ധന ചെലവ് കുറയ്ക്കാന്‍ സഹായിക്കും. വലിയ രീതിയില്‍ കൂട്ടിവയ്ക്കാതെ ചെറിയ തണുപ്പില്‍ എസി ഉപയോഗിക്കുന്നതാണ് ഇന്ധനക്ഷമതക്ക് നല്ലത്. അതേസമയം ദേശീയ പാതകള്‍ പോലുള്ള വിശാലമായതും അധികം തിരക്കില്ലാത്തതുമായ പാതകളില്‍ എസി ഉപയോഗിക്കുന്നതാണ് നല്ലത്. ഗ്ലാസ് തുറന്നിട്ട് കാര്‍ ഓടിച്ചാല്‍ ഉള്ളില്‍ പൊടി നിറയാന്‍ മാത്രമല്ല കാറ്റു പിടിച്ച് വാഹനത്തിന്റെ ഇന്ധനക്ഷമതയില്‍ കുറവു വരികയും ചെയ്യും. ചുരുക്കം പറഞ്ഞാല്‍ ഒരു മണിക്കൂര്‍ എസി ഓടുന്ന വാഹനത്തില്‍ ഉപയോഗിച്ചാല്‍ അധികമായി 0.2 ലീറ്റര്‍ മുതല്‍ 0.7 ലീറ്റര്‍ വരെ അധിക ഇന്ധനം ചെലവാവും. വാഹനത്തിന്റെ വേഗത നിയന്ത്രിച്ച് മികച്ച പരിചരണവും ശ്രദ്ധയും വഴി ഇത് കുറക്കാനും സാധിക്കും.