കുക്കറിൽ അടിപൊളിയായി ഒരു കാരറ്റ് കേക്ക് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ കേക്ക് റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- മൈദ – 1 കപ്പ്
- കാരറ്റ് ചിരകിയത് – ഒന്നര കപ്പ് അല്ലെങ്കില്‍ 200 ഗ്രാം
- എണ്ണ – അര കപ്പ്
- പഞ്ചസാര പൊടിച്ചത് – മുക്കാല്‍ കപ്പ്
- മുട്ട – ഒരെണ്ണം
- അണ്ടിപ്പരിപ്പ്,
- ഉണക്ക മുന്തിരി – ആവശ്യത്തിന്
- ബേക്കിങ് പൗഡര്‍ – അര ടീസ്പൂണ്‍
- ബേക്കിങ് സോഡ – അര ടീസ്പൂണ്‍
- വനില എസെന്‍സ് – അര ടീസ്പൂണ്‍
- ഉപ്പ് – ഒരു നുള്ള്
തയാറാക്കുന്ന വിധം
മൈദയില്‍ ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ചേര്‍ത്ത് അരിച്ചെടുക്കുക. അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും കുറച്ചു മൈദയില്‍ ഇളക്കിയെടുത്തു മാറ്റിവയ്ക്കുക. മുട്ടയും പൊടിച്ച പഞ്ചസാരയും കാരറ്റ് ചിരകിയതും ചേര്‍ത്തു മിക്സിയില്‍ നല്ലതുപോലെ അടിച്ചെടുക്കണം. മിശ്രിതം പകര്ത്തിയെടുത്തതിനു ശേഷം എണ്ണയും മൈദയും ചേര്‍ത്തു നന്നായി ഇളക്കിയോജിപ്പിക്കുക. കൂടെ വനില എസെന്‍സും അണ്ടിപ്പരിപ്പും, മുന്തിരിയും ചേര്‍ത്തിളക്കണം.
തയാറാക്കിയ കേക്ക് മിശ്രിതം കേക്ക് ടിന്നിലോ സ്റ്റീല്‍ ലഞ്ച് ബോക്സിലോ മുക്കാല്‍ ഭാഗത്തോളം നിറയ്ക്കുക. ശേഷം പാത്രം മൂന്നു നാലു തവണ തറയില്‍ തട്ടി ഉള്ളിലുള്ള വായു കുമിളകള്‍ നീക്കം ചെയ്യണം. കേക്ക് ബേക്ക് ചെയ്യാനായി കുക്കര്‍ സ്റ്റൗവില്‍ വച്ചശേഷം കുറച്ച് ഉപ്പു പൊടി നിരത്തുക. മുകളില്‍ പരന്ന ചെറിയ പാത്രമോ കിച്ചണില്‍ ഉപയോഗിക്കുന്ന വളയമോ വച്ചു കൊടുക്കാം. ശേഷം കുക്കറിലെ വാഷറും വിസിലും മാറ്റിയശേഷം അടച്ചു പത്തു മിനിറ്റ് നന്നായി ചൂടാക്കുക. ഇനി കുക്കര്‍ തുറന്നു മിശ്രിതം നിറച്ച പാത്രം വച്ചു കുക്കര്‍ അടയ്ക്കുക. മീഡിയം തീയില്‍ വച്ചു 40-45 മിനിറ്റ് കൊണ്ടു തയാറാക്കാം.