ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടിനെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. തിരക്കുപിടിച്ചുള്ള ഓട്ടത്തിന് ഇടയിൽ ഭക്ഷണം പാകം ചെയ്ത് ഫ്രിഡ്ജിൽ ആഴ്ചകളോളം സൂക്ഷിക്കുന്ന ആളുകളുടെ എണ്ണം കുറവല്ല. എന്നാൽ ഇത് ആരോഗ്യത്തിന് നല്ലതാണോ ? ഭക്ഷണം ചീത്തയാവാതിരിക്കാൻ സൂക്ഷിക്കുന്ന ഫ്രിഡ്ജ് അണുക്കളുടെ വിളനിലം കൂടിയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? അതുകൊണ്ട് ആഹാരസാധനങ്ങൾ കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ എങ്ങനെയൊക്കെ ശ്രദ്ധിക്കണം എന്ന് കൂടി നോക്കാം
റഫ്രിജറേറ്റർ എപ്പോഴും 40 ഡിഗ്രി ഫാരൻഹീറ്റിനു താഴെയും ഫ്രീസർ 0 ഡിഗ്രി ഫാരൻ ഹീറ്റിനു താഴെയുമായി സെറ്റുചെയ്യാൻ ശ്രദ്ധിക്കണം. കാരണം 40 ഡിഗ്രി ഫാരൻഹീറ്റിനും 140 ഡിഗ്രി ഫാരൻഹീറ്റിനും ഇടയിലാണ് ബാക്ടീരിയ ഏറ്റവും വേഗത്തിൽ പെരുകുന്ന ഊഷ്മനില. മുട്ടയും പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കി വേണം ഫ്രിജിൽ വയ്ക്കാൻ. അല്ലെങ്കിൽ ഇതിലെ മാലിന്യങ്ങൾ ഫ്രിജിലെത്താം. പാകപ്പെടുത്തിയ ആഹാരം ഫ്രിജിൽ വയ്ക്കുമ്പോൾ അടച്ചു സൂക്ഷിക്കുന്നതിലൂടെ അണുബാധ തടയാം.
പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ വേണ്ടി മുറിച്ചശേഷം ബാക്കി വന്നത് കേടുകൂടാതെ സൂക്ഷിക്കുക അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് എളുപ്പവഴികളുണ്ട്. ചെറുനാരങ്ങ മുറിച്ചാല്‍ ചെറുനാരങ്ങ ഒരു പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞു സൂക്ഷിക്കാം. ഇങ്ങനെ ദിവസങ്ങളോളം ഫ്രിഡ്ജില്‍ ഇത് വച്ചാലും ഇതിലെ ജ്യൂസ് നഷ്ടമാകില്ല. ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചാല്‍ തണ്ണിമത്തന്റെ പുതുമ നഷ്ടമാകില്ല.
പപ്പായ മുറിച്ച കഷ്ണം ആണെങ്കില്‍ അതൊരു കടലാസില്‍ പൊതിഞ്ഞു ഫ്രിഡ്ജില്‍ വെയ്ക്കാം. തൊലി കളഞ്ഞ കഷ്ണങ്ങള്‍ ആണെങ്കില്‍ ഒരു പാത്രത്തിലിട്ട് അതിനു മുകളില്‍ പ്ലാസ്റ്റിക് പൊതിഞ്ഞു സൂക്ഷിക്കാം. ആപ്പിള്‍ മുറിച്ചാല്‍ ഉടന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഇതില്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനെഗര്‍ തളിച്ച് ഒരു പാത്രത്തില്‍ വായു കടക്കാതെ അടച്ചു സൂക്ഷിക്കുക. അല്ലെങ്കില്‍ അൽപം നാരങ്ങാ നീരോ പഞ്ചസാരയോ തളിച്ചാലും മതിയാകും.
മത്സ്യവും മാംസവുമൊക്കെ കഴുകി വൃത്തിയാക്കി ഓരോ നേരത്തേക്കും ആവശ്യമായവ ചെറു കണ്ടയ്നറുകളിലാക്കി വയ്ക്കുന്നത് ഉപകാരപ്രദമാകും. ഒന്നിച്ചു വയ്ക്കുമ്പോൾ ഓരോ തവണയും ഇവ മുഴുവൻ പുറത്തെടുത്ത് തണുപ്പ് മാറ്റേണ്ടി വരും. അത് ഇവ ചീത്തയാകുന്നതിനും കാരണമാകാം.
പാകപ്പെടുത്തിയ സാധനങ്ങൾ ഫ്രിജിൽ വച്ചിട്ട് അത് ഒന്നിലേറെ തവണ ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. ഉടൻ ഉപയോഗിക്കാനുള്ളത് ഫ്രിഡ്ജിലും പിന്നീട് എടുക്കേണ്ടത് ഫ്രീസറിലും വയ്ക്കാം. ഒരു തവണ ഫ്രിജിൽ നിന്ന് എടുക്കുന്നത് അപ്പോൾതന്നെ ഉപയോഗിച്ചു തീർക്കണം. മത്സ്യവും മാംസവും ഒരാഴ്ചയിലധികം ഫ്രീസറിൽ വച്ച് ഉപയോഗിക്കുകയുമരുത്.
CONTENT HIGHLIGHT: things to know while keeping food items in fridge
















