ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് വിമാനകമ്പനിയായ ജെജു എയർ. തായ്‌ലൻഡിൽനിന്നും 181 യാത്രക്കാരുമായെത്തിയ മുവാൻ വിമാനത്താവളത്തിലെത്തിയ ജെജു എയർലൈൻസിന്റെ ബോയിങ് 737-8 എ എസ് വിമാനമാണ് ലാൻഡ് ചെയ്യുന്നതിനിടെ തകർന്നത്. അപകടത്തിൽ രണ്ടു പേരെ മാത്രമാണ് വിമാനത്തിൽ നിന്ന് ജീവനോടെ രക്ഷിക്കാനായത്.
നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തങ്ങള്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ദാരുണമായ സംഭവത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സാധ്യമായതെന്തും ചെയ്യുമെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി. ജെജു എയർ വെബ്സൈറ്റിൽ പൊതുമാപ്പ് നോട്ടിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 9 മണിയ്ക്കായിരുന്നു അപകടം. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വിമാനം റൺവേയിലൂടെ വേഗത്തിൽ നീങ്ങുന്നതും വലിയ ബാരിയറിൽ ഇടിച്ചു തകരുന്നതിൻറെയും വിഡിയോകളും പുറത്തുവന്നു. ഇടിയുടെ ആഘാതത്തിൽ വിമാനം കത്തിചാമ്പലാവുകയായിരുന്നു. വിമാനത്തിന്റെ ലാൻഡിങ്ങിന് പ്രശ്‌നം സൃഷ്ടിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.