ഒറ്റയ്ക്കുള്ള യാത്രകളെ ആസ്വദിക്കുന്നവരാണ് നമ്മളിൽ പലരും. അതിന് കൂടുതലും ആളുകൾ തിരഞ്ഞെടുക്കുന്നത് ബൈക്കുകളാണ്. ബൈക്കിൽ ദൂരയാത്ര നടത്താൻ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ കുറവാണ്. കൂടാതെ ഇന്ത്യ എന്ന മഹാരാജ്യത്തെ പൂർണമായി ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായതും ബൈക്ക് തന്നെയാണ്. ബൈക്കിൽ എത്ര ദൂരം പോയാലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ സ്വപ്നയാത്ര എന്നെന്നേക്കുമായി നമ്മുടെ സ്വപ്നത്തെ ഇല്ലാതാക്കുന്ന യാത്രയായി പോലും മാറിയേക്കാം. അതുകൊണ്ട് ഒരു ബൈക്കുമായി ദൂരയാത്രയ്ക്ക് ഇറങ്ങിത്തിരിക്കുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കാം എന്ന് നോക്കാം.
ഉറക്കം, വിശ്രമം
ട്രെയിനിലോ ബസ്സിലോ ആണ് യാത്ര എങ്കിൽ യാത്രയ്ക്കിടയിൽ ഉറങ്ങാൻ സമയം കിട്ടും. എന്നാൽ ബൈക്കിൽ അങ്ങനെയല്ല, അതുകൊണ്ടുതന്നെ ഏതു വാഹനത്തിൽ ആയാലും 100 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യേണ്ടി വരുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ നല്ല രീതിയിൽ ഉറങ്ങി എന്ന് ഉറപ്പുവരുത്തണം. നിങ്ങളുടെ വാഹനത്തെ നിങ്ങളുടെ കൺട്രോളിൽ കൊണ്ടുപോകുന്നതിന് ഉറക്കത്തിനുള്ള സ്ഥാനം വളരെ വലുതാണ്. നമ്മുടെ ഹൈവേകളിൽ പൊലിയുന്ന ഓരോ ജീവന്റെ കാരണത്തിന് പിന്നിലും പ്രധാന വില്ലനായി നിൽക്കുന്നത് ഉറക്കം തന്നെയാണ്. അതുപോലെതന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കൃത്യമായ ഇടവേളകളിലെ വിശ്രമം. നമുക്കും വാഹനത്തിനും വിശ്രമം ലഭിക്കുന്നത് കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ട് പോകാനുള്ള കരുത്ത് നൽകും.
വെള്ളം
ഒരു ദിവസം കുറഞ്ഞത് എട്ട് ലിറ്റർ വെള്ളം കുടിക്കുക തന്നെ വേണം. യാത്ര ചെയ്യുന്ന സാഹചര്യത്തിൽ അതിൽ കൂടുതലും പലപ്പോഴും നമ്മൾ കുടിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തെക്കാൾ നമ്മുടെ യാത്രയിൽ നമുക്ക് ഏറ്റവും ആവശ്യം വെള്ളം തന്നെയാണ്. യാത്രയിലൂടെനീളം നമ്മളുടെ ഊർജ്ജത്തെ നിലനിർത്താൻ വെള്ളം ആവശ്യമാണ്. അതുകൊണ്ട് കൊണ്ടുപോകുന്ന വെള്ളം തീരുന്നതനുസരിച്ച് ഭക്ഷണം കഴിക്കാൻ കയറുന്ന ഹോട്ടലുകളിൽ നിന്നും തിളപ്പിച്ച് ആറിയ വെള്ളം വാങ്ങി നിറയ്ക്കുക. കടകളിൽ നിന്നും മിനറൽ വാട്ടർ വാങ്ങുകയാണെങ്കിൽ സീല് പൊട്ടിച്ചതല്ല എന്ന് ഉറപ്പുവരുത്തുകയും വേണം.
ബൈക്ക് റൈഡിങ് സമയം
റൈഡിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെ 4 30 മുതൽ 8 മണി വരെ ആയിരിക്കും. പിന്നീട് പ്രഭാത ഭക്ഷണത്തിനുശേഷം ഒരു 11 മണി വരെയും ആണ്. പിന്നീട് ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയം വിശ്രമിക്കാനായി ഒരു സുരക്ഷിത സ്ഥലം കണ്ടെത്തുകയാണ് വേണ്ടത്. അല്ലെങ്കിൽ ആ സമയത്ത് റൈഡ് ചെയ്യുന്ന സ്ഥലത്തെ ഏതെങ്കിലും ഒരു ലോക്കൽ ടൂറിസ്റ്റ് സ്പോട്ടും കണ്ടെത്താം. പിന്നീട് മൂന്നുമണി മുതൽ വൈകുന്നേരം വരെ ആറുമണിവരെയുള്ള സമയം റൈഡ് ചെയ്യാം. ആറുമണിക്ക് ശേഷം അന്ന് രാത്രി താങ്ങാനുള്ള ഒരു സുരക്ഷിതസ്ഥാനം കണ്ടെത്തി വിശ്രമിക്കുകയാണ് ചെയ്യേണ്ടത്.
ഭക്ഷണം
യാത്ര പോകുമ്പോൾ പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക. ഒറ്റയ്ക്കാണ് യാത്രയെങ്കിൽ നോൺവെജ് ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുകയാണ് നല്ലത്. നോൺവെജ് ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ പേർ യാത്രയ്ക്ക് കൂടെ ഉണ്ടെങ്കിൽ ഒരേ ഭക്ഷണം കഴിക്കാതെ പലരും പല വിഭവങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. വയറു നിറയുന്ന രീതിയിൽ ഭക്ഷണം കഴിക്കാതിരിക്കുക. കൂടാതെ ബ്രഡ്, ജാം, ചോക്ലേറ്റ്, ബിസ്ക്കറ്റ് മുതലായവ കയ്യിൽ കരുതുകയും വേണം.
ലഗ്ഗേജ്
യാത്ര പോകുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾക്ക് സംശയമുള്ള ഒന്നാണ് എന്തൊക്കെ കൊണ്ടുപോകണം എന്നുള്ളത്. യാത്രകളിൽ പരമാവധി ലഗേജ് കുറയ്ക്കാനാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ വളരെ അത്യാവശ്യമുള്ള കാര്യങ്ങൾ ഒന്നും മറക്കുവാനും പാടില്ല. പരമാവധി ബൈക്ക് യാത്രയിൽ രണ്ട് ബാഗിൽ കൂടുതൽ സാധനങ്ങൾ ഉണ്ടാകാൻ പാടില്ല. അല്ലെങ്കിൽ സാഡിൽ ബാഗും ഒരു ബാക്പാക്കും ആകാം. വാട്ടർപ്രൂഫ് ആണ് എടുക്കേണ്ടത്. യാത്രയിൽ നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കണം. ടീഷർട്ട്, ട്രാക്ക് പാന്റ് എന്നിവ കൂടുതൽ ഉപയോഗിക്കുക. ജീൻസ്, ഷർട്ട് എന്നിവ ഒന്നിൽ കൂടുതൽ ആവശ്യമില്ല. ഫസ്റ്റ് എയ്ഡ് കിറ്റ്, ടോർച്ച്, മീഡിയം പോക്കറ്റ് കത്തി, സോളാർ അല്ലെങ്കിൽ ക്രങ്ക് ചാർജർ, ചെറിയ എമർജൻസി ലൈറ്റ് എന്നിവ മറക്കാത്ത എടുക്കണം. പോകുന്നതിനു തലേദിവസം രാവിലെ കൊണ്ടുപോകുന്ന എല്ലാ സാധനങ്ങളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കുക. ഈ ലിസ്റ്റ് പ്രകാരം യാത്രയുടെ തലേന്ന് രാത്രി തന്നെ ബാഗ് പാക്ക് ചെയ്യ്ത് വച്ചതിന് ശേഷം ഉറങ്ങാന്‍ കിടക്കുക.
സ്പേയര്‍ പാർട്സ് ആൻഡ് ടൂൾസ്
വഴിയിൽ പണി തരാൻ മിടുക്കനാണ് ബൈക്കുകൾ. അതുകൊണ്ട് ബൈക്കിൽ ഒരു ലോങ്ങ് റൈഡ് ചെയ്യുമ്പോൾ തീർച്ചയായും ബൈക്കിന്റെ കുറച്ച് ടൂൾസും സ്പേയര്‍ പാർട്സും കൂടി കയ്യിൽ കരുതണം.
basic stock tool kit, tire repair kit, Air pumb, Zip ties,spare clutch cable, extra engine oil, Break cable, fuses,chain oils, some bits of wire, duct tape, electrical tape, extra fuel can and fuel, Extra tire,riding gears എന്നിവ കരുതുക. നിങ്ങളുടെ യാത്രയുടെ സ്വഭാവം അനുസരിച്ചു ഞാന്‍ ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ആകാവുന്നതാണ്. ഹെൽമെറ്റ്, ജാക്കറ്റ് എന്നിവ ഒഴിച്ച് കൂടാന്‍ പറ്റാത്തവയാണ്. ബാക്കിയുള്ള കാര്യങ്ങള്‍ നിങ്ങളുടെ തീരുമാനം ആണ്.
ഫസ്റ്റ് എയ്ഡ് അല്ലെങ്കില്‍ എമർജൻസി മെഡിസിൻ എന്തൊക്കെ കരുതണം?
പ്രധാനമായും പനി, ജലദോഷം, ശർദ്ദി, വയറിളക്കം എന്നിവക്കുള്ള മരുന്ന് കരുതുക. കൂടാതെ വിക്സ് പോലെയുള്ള ഒരു ബാം, ഒരുപാട് ഉയര്‍ന്ന സ്ഥലത്തു ആണ് പോകുന്നതെങ്കിൽ AMS പോലെയുള്ള കാര്യങ്ങള്‍ വരാതിരിക്കാന്‍ ഉള്ള മരുന്നും എടുക്കണം. പിന്നെ ബേസിക് ഫസ്റ്റ് എയ്ഡ് കിറ്റും കരുതുക.
ഐഡി കാർഡ്‌സ്
ബൈക്ക് യാത്രയിൽ എന്തായാലും ഉറപ്പായും എടുക്കേണ്ട ഐഡി കാർഡ് ആണ് ലൈസൻസ്. അതുകൂടാതെ നിങ്ങളുടെ മറ്റൊരു ഐഡി കാർഡ് കൂടി കയ്യിൽ കരുതണം. നിങ്ങളുടെ യാത്ര രാജ്യത്തിന് വെളിയിലേക്ക് അല്ലെങ്കിൽ പാസ്പോർട്ട് ഒഴിച്ച് മറ്റേത് വേണമെങ്കിലും ആകാം. കൂടാതെ ഇവയുടെ എല്ലാം രണ്ടു കോപ്പികളും നാല് പാസ്പോർട്ട് സൈസ് ഫോട്ടോകളും കയ്യിൽ കരുതുക. കൂടാതെ സാധിക്കും എങ്കിൽ നിങ്ങൾ തന്നെ ക്രിയേറ്റ് ചെയ്യുന്ന നിങ്ങളുടെ ഒരു ഐഡി കാർഡ് – നിങ്ങളുടെ പേരും അഡ്രസ്സും ബ്ലഡ് ഗ്രൂപ്പും എമർജൻസി കോൺടാക്ട് നമ്പറും മാത്രം രേഖപ്പെടുത്തുക. ഇതിൽ നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പും എബര്‍ കോൺടാക്ട് നമ്പർ കുറച്ചു വലിയ അക്ഷരത്തിൽ ചുവന്ന നിറത്തിൽ രേഖപ്പെടുത്തുക. ഈ ഐഡി കാർഡ് നിങ്ങളുടെ മുൻപോക്കറ്റിലോ പേഴ്സിൽ വേഗം കാണാവുന്ന സ്ഥലത്തോ സൂക്ഷിക്കുക.
ഡോക്യൂമെന്റസ്
വാഹനത്തിന്റെ എല്ലാ പേപ്പറുകളും അതിന്‍റെയെല്ലാം 2 കോപ്പികളും കരുതുക, ആർസി ബുക്ക്, ഇൻഷുറൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് പ്രധാനം. ഇവയെല്ലാം സോഫ്റ്റ് കോപ്പി ആയും മൊബിലിലോ മറ്റോ കരുതാനും ശ്രദ്ധിക്കണം.
പ്ലാനിംഗ്
നമ്മള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന യാത്രയെകുറിച്ച് എപ്പോഴും നല്ലൊരു പഠനം നല്ലതാണ്. നിങ്ങള്‍ പിറ്റേന്ന് യാത്ര നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരയുക. പോകാന്‍ ഉദ്ദേശിക്കുന്ന വഴി, അവിടുത്തെ കാലാവസ്ഥ റിപ്പോർട്ട്, നേരത്തെ ആ വഴിയിലൂടെ സഞ്ചരിച്ചിരുന്നവരുടെ വ്ലോഗ്, ബ്ലോഗ് മുതലായവ എല്ലാം നന്നായി മനസിലാക്കുക.
ക്യാഷ്
ഒരിക്കലും കാഷ് നമ്മള്‍ ഒരുമിച്ച് ഒരു സ്ഥലത്തു സൂക്ഷിക്കാതിരിക്കുക. ബാഗിലും പേഴ്സിലും വണ്ടിയിലും ഒക്കെയായി പല സ്ഥലങ്ങളില്‍ കാഷ് സൂക്ഷിക്കുക. 3000രൂപയില്‍ കൂടുതല്‍ ഒന്നും ഒരു സമയത്ത് കയ്യില്‍ സൂക്ഷിക്കാതിരിക്കുക. ബാക്കി കാഷ് എല്ലാം എടിഎം കാര്‍ഡില്‍ സൂക്ഷിച്ചു സാധിക്കുന്ന ഇടങ്ങളില്‍ എല്ലാം ക്യാഷ്‌ലെസ്സ് പേയ്മെന്റ് നടത്താന്‍ ശ്രമിക്കുക. 2 എടിഎം കാർഡ് കയ്യില്‍ കരുതുക. അതില്‍ ഒരു എടിഎം കാര്‍ഡില്‍ കുറച്ചു പൈസ സൂക്ഷിച്ച് നഷ്ടപ്പെടാന്‍ ഇടയില്ലാത്ത സ്ഥലത്തു സൂക്ഷിക്കുക. ഇത് എമര്‍ജന്‍സി കാഷ് ആയി മാത്രം ഉപയോഗിക്കുക ഒരു പക്ഷേ നിങ്ങളുടെ കയ്യില്‍ ഉള്ള കാഷ് ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ടാല്‍ ഇത് ഉപകരിക്കും.
താമസം
നമ്മുടെ യാത്രയില്‍ ഏറ്റവും പ്രധാനമായ ഒന്നു തന്നെയാണ് താമസം. താമസത്തിനായി ടെന്റ് ഉപയോഗിക്കാവുന്നതാണ്. പക്ഷേ എല്ലാ സ്ഥലങ്ങളിലും ഇത് അത്ര പ്രായോഗികമല്ല. അതുകൊണ്ട് പോകുന്ന സ്ഥലങ്ങളിലെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകൾ ഉപയോഗിക്കുക. റൂമുകള്‍ ബുക്ക് ചെയ്യേണ്ടി വരുമ്പോള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുകയോ, റേറ്റ് നോക്കിയതിന് ശേഷം നേരില്‍ ചെന്നു വിലപേശി ബുക്ക് ചെയ്യുകയോ ചെയ്യുക.
മര്യാദകള്‍
യാത്രയില്‍ നമ്മള്‍ പാലിക്കേണ്ട കുറച്ചു മര്യാദകള്‍ ഉണ്ട്. ട്രാഫിക് റൂള്‍സ് മുഴുവനായും പാലിക്കുക, ലോക്കല്‍ ആള്‍ക്കാരുമായി(സ്ഥലവാസികൾ) ഒരു മല്‍സരത്തിനോ വാഗ്വാദത്തിനോ ഏര്‍പ്പെടാതിരിക്കുക. ഒവേര്‍സ്പീഡ്, ഷോ കാണിക്കല്‍ എന്നിവ ഒഴിവാക്കുക, മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുക, ചെല്ലുന്ന സ്ഥലങ്ങളില്‍ പേരെഴുതി വക്കല്‍, ചിത്രം വരയ്ക്കൽ എന്നീ കലാപരിപാടികള്‍ വേണ്ട. ആരുടേയും സ്വകാര്യതയില്‍ കടന്നു കയറാതിരിക്കുക. കഴിവതും നമ്മള്‍ അവിടെ ചെന്നത് പോലും ആരും അറിയാതെ തിരിച്ചു പോരാന്‍ ശ്രദ്ധിക്കുക.
റൂട്ട്
നിങ്ങള്‍ നിങ്ങളുടെ ഫോണില്‍ ഒരു ഓഫ്‌ലൈൻ മാപ് ഡൌണ്‍ലോഡ് ചെയ്തിടുക, ഗൂഗിള്‍ മാപ്, ഹിയർ മാപ് പോലുള്ളവ ഇന്ത്യയില്‍ ഉപകാരപ്രദമാണ്.
ബൈക്ക് ഹെൽത്ത്
നിങ്ങളുടെ വണ്ടിയുടെ ആരോഗ്യമാണ് നിങ്ങളുടെ ആയുസ്. അതിനാല്‍ എപ്പോഴും വെൽ മൈന്റൈൻഡ് ആയ വാഹനം മാത്രം ദൂരയാത്രകള്‍ക്ക് ഉപയോഗിക്കുക, കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യാനും ഓയിലുകളും ഫ്ലൂയിടുകളും മാറുവാനും, ഒരുപാട് തേഞ്ഞ ടയര്‍ ഉപയോഗിച്ച് യാത്ര ചെയ്യാതിരിക്കുവാനും ശ്രദ്ധിക്കുക.
CONTENT HIGHLIGHT: things to know while going to a bike solo trip