കോഴിക്കോട് ചേളന്നൂര്‍ പോഴിക്കാവില്‍ ദേശീയപാത നിര്‍മാണത്തിന് അശാസ്ത്രീയമായി മണ്ണെടുക്കുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. സമരസമിതിയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. കനത്ത പൊലീസ് കാവലിൽ മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്തേക്കാണ് പ്രതിഷേധ മാർച്ച് നടത്തുന്നത്. പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റം നടന്നു. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ഫിൽ ചെയ്യാനുള്ള മണ്ണെടുക്കാനാണ് കരാർ കമ്പനി പ്രവർത്തി നടത്തുന്നത്. രണ്ട് മാസം മുൻപ് തന്നെ ഇതെച്ചൊല്ലി വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. നാട്ടുകാർ കോടതിയെയും സമീപിച്ചിരുന്നു. ഇതിനു ശേഷം ജിയോളജി ഡിപ്പാർട്മെന്റ് നടത്തിയ സർവ്വേയിൽ മണ്ണെടുപ്പ് അശാസ്ത്രീയമാണെന്ന് അറിയിച്ചു.
എന്നാൽ ഇതിനെതിരെ നടപടികൾ ഒന്നും സ്വീകരിച്ചില്ല എന്നാരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ഇടമായതു കൊണ്ട് ഇത് നാട്ടുകാരെ ബാധിക്കുമെന്നും നാട്ടുകാർ പറയുന്നു. ഇതിനെതിരെ ഇന്ന് നാട്ടുകാർ സംഘടിച്ചെത്തി ലോറി തടയുകയാണ് ചെയ്തത്. സ്ത്രീകളടക്കം നിരവധി നാട്ടുകാരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.