ഭരണഘടനയാണ് തന്റെ സർക്കാരിന്റെ വഴികാട്ടിയെന്ന് മൻ കി ബാത്തിൻ്റെ 117-ാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ഭരണഘടന വരുന്ന ജനുവരിയിൽ 75 വർഷം തികയുമെന്നും ഈ മഹത്തായ അവസരത്തെ മാനിക്കുന്നതിനായി സർക്കാർ രാജ്യവ്യാപകമായി ഒരു കാമ്പെയ്ൻ തുടങ്ങിയിട്ടുണ്ടെന്നും അതിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്ന വീഡിയോകൾ പങ്കിടാൻ പൗരന്മാരെ ക്ഷണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടനയുടെ ശില്പികളെയും അത് രാജ്യത്തിന് നൽകിയ സംഭാവനകളെയും അദ്ദേഹം സ്മരിച്ചു. ഭരണഘടനയുടെ പൈതൃകം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആരംഭിച്ച constitution75(dot)com എന്ന വെബ്സൈറ്റിന്റെ സവിശേഷതകളും അദ്ദേഹം വിശദീകരിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ച് വീഡിയോ അപ്‌ലോഡ് ചെയ്യാനും വിവിധ ഭാഷകളിൽ ഭരണഘടന വായിക്കാനും ചോദ്യങ്ങൾ ചോദിക്കാനുമുള്ള സൗകര്യങ്ങൾ വെബ്സൈറ്റിലുണ്ട്.
കുംഭമേളയുടെ ഒരുക്കങ്ങളെ കുറിച്ചും മഹത്വത്തെക്കുറിച്ചും പറഞ്ഞായിരുന്നു 2024ലെ അവസാനത്തെ മൻകി ബാത്ത് തുടങ്ങിയത്. കല കായിക സിനിമാരംഗത്തെ ഇന്ത്യയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചും ആരോഗ്യരംഗത്ത് നേട്ടങ്ങളെക്കുറിച്ചും പ്രധാന മന്ത്രി മൻ കി ബാത്തിലെ പ്രഭാഷണത്തിൽ ഉൾപ്പെടുത്തി. തമിഴ് ഭാഷയുടെ മഹത്വത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. അരമണിക്കൂർ നീണ്ടുനിന്ന പ്രഭാഷണത്തിൽ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കുറിച്ച് പരാമർശിച്ചില്ല.