ഇത്രയും ബുദ്ധിമുട്ടുള്ള ഒരു കളിപ്പാട്ടം, റൂബിക്സ് ക്യൂബ് എന്ന് പറയുമ്പോൾ എല്ലാവരുടെ മനസ്സിലേക്കും ഇതായിരിക്കും എത്തുക. എന്നാൽ അല്പം ബുദ്ധിമുട്ടാണെങ്കിലും ഒരുതവണയെങ്കിലും ഒന്ന് കൈ വയ്ക്കാത്തവരായി ആരും ഉണ്ടാകില്ല. ലോകത്ത് ഏറ്റവും പ്രശസ്തമായ കളിപ്പാട്ടങ്ങളിൽ ഒന്നായി മാറാൻ റൂബിക്സ് ക്യൂബിന് അതൊന്നു മാത്രം മതിയായിരുന്നു. സാധാരണക്കാർ മുതൽ സെലിബ്രിറ്റീസ് വരെ റൂബിസ് ക്യൂബ് ഉപയോഗിക്കാറുണ്ട്. വിവിധ നിറങ്ങളിലുള്ള ഈ കുഞ്ഞു കുഞ്ഞു കട്ടകൾ പരിഹരിക്കാനായി മണിക്കൂറുകളോ ദിവസങ്ങളോ ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ പോലും പലരും ചിലവിട്ടേക്കാം. ചിലരൊക്കെ പാതിവഴിയിൽ ശ്രമം ഉപേക്ഷിക്കുകയും ചിലരൊക്കെ അത് തല്ലിപ്പൊട്ടിച്ച് ഒരേ നിറത്തിലെ ക്യൂബുകൾ ഒന്നിപ്പിച്ച് കളി അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ടാവും.
റൂബിസ് ക്യൂബ് നമ്മുടെ കയ്യിലേക്ക് എത്തിയിട്ട് 50 വർഷങ്ങൾ കഴിഞ്ഞു. ലോകമാകമാനം 50 കോടിയോളം റൂബിസ് ക്യൂബുകൾ വിറ്റടിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.
1974ൽ ഹംഗറിക്കാരനായ ആർക്കിടെക്ചർ പ്രഫസർ ഏർണോ റൂബിക്കാണ് റൂബിക്സ് ക്യൂബ് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ക്യൂബിനു പേരു ലഭിച്ചതും. ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പസിൽ കളിപ്പാട്ടമാണ് റൂബിക്സ് ക്യൂബ്. ആദ്യകാലത്ത് മാജിക് ക്യൂബെന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്. എന്നാൽ രാജ്യാന്തര തലത്തിൽ വിറ്റഴിക്കണമെങ്കിൽ ഈ പേരൊരു തടസ്സമായിരുന്നു. ഇതേ പേരുള്ള മറ്റു കളിപ്പാട്ടങ്ങൾ ഉള്ളതിനാലാണ് ഇത്. ഈ പ്രശ്നം മറികടക്കാനായാണു റൂബിക്സ് ക്യൂബ് എന്നു പേരുനൽകിയത്.
ഈ ക്യൂബ് കണ്ടുപിടിച്ച ഏർണോ റൂബിക്കിന് ആദ്യം ഇതു സോൾവ് ചെയ്യാൻ സാധിച്ചില്ല. മാസങ്ങൾ ഇതിനു പിന്നാലെയിരുന്നാണ് അദ്ദേഹം ആദ്യമായി ക്യൂബ് സോൾവ് ചെയ്തത്. എൺപതുകൾ മുതൽ തന്നെ റൂബിക്സ് ക്യൂബ് കോംപറ്റീഷനുകൾ ലോകത്തു പലയിടത്തും നടക്കുന്നുണ്ട്. 1995ൽ മാസ്റ്റർപീസ് ക്യൂബെന്ന പേരിൽ വജ്രങ്ങളും സ്വർണവുമടങ്ങിയ ഒരു റൂബിക്സ് ക്യൂബ് നിർമിക്കപ്പെട്ടു. 25 ലക്ഷം യുഎസ് ഡോളറുള്ള ഈ ക്യൂബാണ് ലോകത്തിൽ നിർമിച്ചവയിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള റൂബിക്സ് ക്യൂബ്. എന്നാൽ റൂബിക്സ് ക്യൂബ് ഏറ്റവും കുറച്ചു സമയത്തിനുള്ളിൽ സോൾവ് ചെയ്തത് അമേരിക്കക്കാരനായ മാക്സ് പാർക്കാണ്. 3.13 സെക്കൻഡിലാണു പാർക്ക് ഇതു ചെയ്തത്. ഇതിനു മുൻപുള്ള റെക്കോർഡ് ചൈനക്കാരനായ യുഷെങ് ദുവിന്റെ പേരിലായിരുന്നു. 3.47 സെക്കൻഡിലാണു യുഷെങ് എടുത്തത്.
CONTENT HIGHLIGHT: rubiks cube history