നല്ലേപ്പിള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തിൽ വിഎച്ച്പി പ്രവർത്തകരുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിലുള്ള പ്രതികളുമായി നല്ലേപ്പിള്ളി ഗവ.യുപി സ്കൂളിലേക്ക് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നുൾപ്പെടെ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നു. രണ്ട് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ചിറ്റൂര്‍ പൊലീസാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തത്തമംഗലം ജിയുപി സ്‌കൂളിലെ ക്രിസ്മസ് പൂല്‍ക്കൂട് തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കും.
പാലക്കാട് നല്ലേപ്പിള്ളി ഗവ:യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ആഘോഷത്തിനായി വേഷം അണിഞ്ഞ് കരോള്‍ നടത്തുമ്പോഴായിരുന്നു വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എത്തിയത്. ഇവര്‍ പ്രധാനധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാര്‍ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ , തെക്കുമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.