ഡിജിപി ഡോ.സഞ്ജീബ് കുമാർ പട്ജോഷി ഡിസംബർ 31 ചൊവ്വാഴ്ച സർവീസിൽ നിന്ന് വിരമിക്കും. നിലവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്ന ഒഡീസ സ്വദേശിയായ ഡോ. സഞ്ജീബ് കുമാർ പട്ജോഷി 1991 ബാച്ച് ഐ പി എസ് ഓഫീസറാണ്.
ഒഡീസയിലെ ഗവണ്മെന്റ് സംബൽപ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച് ഡി, ഐഐഎം ബാംഗ്ലൂർ, യു എസ് എ യിലെ സിറാക്യൂസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് എം ബി എ, കാൺപൂർ ഐ ഐ ടി യിൽ നിന്ന് എം ടെക് എന്നിവ നേടിയ ശേഷമാണ് ഡോ. പട്ജോഷി സിവിൽ സർവീസിൽ പ്രവേശിച്ചത്. അതിനു മുൻപ് അദ്ദേഹം റെയിൽവേയിലും ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസിലും സേവനമനുഷ്ഠിച്ചിരുന്നു.
ഇരിഞ്ഞാലക്കുട എ എസ് പി, കൊച്ചിയിൽ ജോയിന്റ് കമ്മീഷണർ, കെ എ പി 2, എസ്ആർ എ എഫ് എന്നിവിടങ്ങളിൽ കമാന്റന്റ്, പാലക്കാട്, കൊല്ലം ജില്ലകളിൽ എസ് പി, കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ, പോലീസ് ആസ്ഥാനത്ത് സ്പെഷ്യൽ സെൽ, ടെലികമ്യൂണിക്കേഷൻ എന്നിവിടങ്ങളിൽ എസ് പി, ഗവർണറുടെ എ ഡി സി എന്നീ ചുമതലകൾ വഹിച്ചു. യു എൻ കൊസോവോ മിഷൻ കമ്മ്യൂണിക്കേഷൻ ഓഫീസർ, കേന്ദ്ര ട്രൈബൽ അഫയേഴ്സ് മന്ത്രാലയത്തിൽ ജോയിന്റ് ഡയറക്ടർ, കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രലയത്തിൽ ജോയിന്റ് സെക്രട്ടറി, കേരള പോലീസ് അക്കാദമി ഡി ഐ ജി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി എന്നിവിടങ്ങളിൽ ഐ.ജി, തീരദേശ പോലീസിൽ എ ഡി ജി പി, പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ മാനേജിങ് ഡയറക്ടർ എന്നീ പദവികളും അദ്ദേഹം വഹിച്ചു.
ഇതിനു പുറമെ മിൽമ, കെഎസ് ആർ ടി സി, കെ എസ് എഫ് ഡി സി, സിവിൽ സപ്ലൈസ് കോർപറേഷൻ എന്നീ സ്ഥാപങ്ങളിൽ എം ഡി, അഗ്നിശമന സേന, ദുരന്ത നിവാരണ വകുപ്പ് എന്നിവിടങ്ങളിൽ ഡയറക്ടർ ജനറൽ എന്നീ തസ്തികളിലും സേവനംഅനുഷ്ഠിച്ചിട്ടുണ്ട്.
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം (2016), ഐക്യരാഷ്ട്രസഭ പുരസ്കാരം (2001), കാൺപൂർ ഐ ഐ ടിയുടെ സത്യേന്ദ്ര ദുബൈ പുരസ്കാരം(2011), നാഗ്പൂർ എൻ ഐ ടി യുടെ പുരസ്കാരം (2019) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.