റിയാദ്: ഒറ്റയാഴ്ചക്കിടയിൽ പതിനായിരത്തിലേറെ പ്രവാസി നിയമലംഘകരെ നാടുകടത്തി സൗദി അറേബ്യ. തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞതിന് നേരത്തെ പിടിയിലായി നടപടിക്രമങ്ങളെല്ലാം പൂർത്തിയായ ആളുകളെയാണ് കഴിഞ്ഞ ഏഴ് ദിവസത്തിനിടെ നാടുകടത്തിയത്. എന്നാൽ ഈ ഒരാഴ്ചക്കിടെ പുതുതായി 23,100 പേരെ കൂടി പിടികൂടുകയും ചെയ്തിട്ടുണ്ട്.
ഇതിൽ 21,800 പേരെ യാത്രാരേഖകൾ ശരിയാക്കി നാട്ടിലേക്കയക്കാൻ അതത് രാജ്യങ്ങളിലെ എംബസിയിലേക്ക് റഫർ ചെയ്തു. ഇവരിൽ 4,000ഓളം പേരുടെ യാത്രാരേഖകൾ പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 1,536 പേരെ അറസ്റ്റ് ചെയ്തത്. അവരിൽ 57 ശതമാനം ഇത്യോപ്യൻ പൗരന്മാരും 41 ശതമാനം യമൻ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 57 നിയമലംഘകർ സൗദി അറേബ്യയിൽനിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്ത 23 പേരും അറസ്റ്റിലായിട്ടുണ്ട്.
നടപടിക്രമങ്ങൾക്ക് വിധേയരായ പ്രവാസി നിയമ ലംഘകരുടെ ആകെ എണ്ണം 31,100 എത്തിയതായി അധികൃതർ അറിയിച്ചു. ഇവരിൽ 28,600 പുരുഷന്മാരും 2,500 സ്ത്രീകളുമാണ്. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്ക് പ്രവേശനം സുഗമമാക്കുകയോ നിയമലംഘകർക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴ ശിക്ഷയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതിർത്തി സുരക്ഷാസംവിധാനം ലംഘിക്കുന്നവർക്ക് രാജ്യത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുകയോ അവരെ എത്തിക്കുകയോ അവർക്ക് അഭയം നൽകുകയോ ഏതെങ്കിലും വിധത്തിൽ അവർക്ക് എന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്ന ഏതൊരാളും ശിക്ഷക്ക് വിധേയമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് ഗതാഗത മാർഗങ്ങൾ ഒരുക്കുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും.
content highlight : deported-over-ten-thousand-illegal-expats