വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളത്തിനെതിരെ മധ്യപ്രദേശിന് 30 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 121 റണ്‍സിന് അവസാനിച്ചു. കളി നിര്‍ത്തുമ്പോള്‍ മധ്യപ്രദേശ് രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റിന് 144 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ യഷ് വര്‍ധന്‍ സിങ് ചൗഹാന്റെ ഓള്‍ റൗണ്ട് മികവാണ് മധ്യപ്രദേശിന് കരുത്തായത്.
മൂന്ന് വിക്കറ്റിന് 19 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കേരളത്തിന് ക്യാപ്റ്റന്‍ ഇഷാന്‍ രാജിന്റെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയ ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഒരറ്റത്ത് ചെറുത്ത് നിന്ന ജാഹാന്‍ ജിക്കുപാലിന്റെ പ്രകടനമാണ് കേരളത്തെ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. 38 റണ്‍സെടുത്ത ജാഹാനും പത്ത് റണ്‍സെടുത്ത ഗൗതം പ്രജോദും മാത്രമാണ് കേരള നിരയില്‍ രണ്ടക്കം കടന്നത്. അഞ്ച് വിക്കറ്റെടുത്ത യഷ് വര്‍ധന്‍ സിങ് ചൗഹാനാണ് മധ്യപ്രദേശ് ബൗളിങ് നിരയില്‍ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന്റെ ആദ്യ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ യഷ് വര്‍ധന്‍ സിങ്ങും കനിഷ്‌ക് ഗൗതമും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മധ്യപ്രദേശിനെ കരകയറ്റി. കളി നിര്‍ത്തുമ്പോള്‍ യഷ് വര്‍ധന്‍ സിങ് ചൌഹാന്‍ 74 റണ്‍സോടെയും കനിഷ്‌ക് ഗൗതം 43 റണ്‍സോടെയും ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി തോമസ് മാത്യു രണ്ട് വിക്കറ്റ് വീഴ്ത്തി.