വന്യമായ പ്രകൃതി സൗന്ദര്യത്താല്‍ അനുഗൃഹീതമാണ് ജയന്തിയാ ഹില്‍സ്. വിശാലമായ താഴ്‌വരകള്‍, പച്ചപ്പണിഞ്ഞ മലനിരകളെ തൊട്ടുരുമ്മി വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന നദികള്‍ മുതലായവ ജയന്തിയാ ഹില്‍സിനെ ഒരു പെയിന്റിംഗ് പോലെ മനോഹരമാക്കുന്നു. പ്രകൃതി സൗന്ദര്യത്തിന് പുറമെ സമ്പന്നമായ ചരിത്രം കൊണ്ടും ജയന്തിയാ ഹില്‍സ് അനുഗൃഹീതമാണ്. ബംഗ്‌ളാദേശുമായി ഈ പ്രദേശത്തിന് വലിയ ബന്ധമുണ്ടായിരുന്നു. ജയന്തിയാപൂരിലെ (ഇപ്പോള്‍ ബംഗ്‌ളാദേശില്‍) രാജാക്കന്മാരുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന നര്‍തിയാങ് ഈ മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്. ജയന്തിയാ ഹില്‍സിലെ ചെറിയൊരു ഗ്രാമമാണ് നര്‍തിയാങ്. ചരിത്രപരമായ ഈ ബന്ധം ഇപ്പോഴും ശക്തമായി തുടുരുന്നു.
വെസ്‌റ്റ് ജയന്തിയാ ഹില്‍സ്, ഈസ്‌റ്റ് ജയന്തിയാ ഹില്‍സ് എന്നീ രണ്ട് ജില്ലകള്‍ ചേര്‍ന്നാണ് ജയന്തിയാ ഹില്‍സ് എന്ന് അറിയപ്പെടുന്നത്. വെസ്റ്റ് ജയന്തിയാ ഹില്‍സിന്റെ ആസ്ഥാനം ജോവൈയും ഈസ്‌റ്റ് ജയന്തിയാ ഹില്‍സിന്റെ ആസ്ഥാനം ഖിലേഹ്രിയാത്തും ആണ്. ജയന്തിയാ ഹില്‍സിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് നര്‍തിയാങ്. ഏകശിലാ സ്‌തംഭങ്ങളുടെ വന്‍ശേഖരം ഇവിടെ കാണാനാകും. ഇവിടെ ഒരു ദുര്‍ഗ്ഗാദേവി ക്ഷേത്രവും ഉണ്ട്. മേഘാലയുടെ തലസ്ഥാനമായ ഷില്ലോംഗില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് ജോവൈ. ഏതാണ്ട് രണ്ട് മണിക്കൂര്‍ കൊണ്ട് ഷില്ലോംഗില്‍ നിന്ന് ഇവിടെ എത്താനാകും.
ജയന്തിയാ ഹില്ലിലേക്കുള്ള പ്രധാന യാത്രാമാര്‍ഗ്ഗം റോഡ് വഴിയുള്ളതാണ്. ജയന്തിയാ ഹില്‍സ് സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ ജോവൈയാണ് ബെയ്‌സ് ക്യാമ്പായി തിരഞ്ഞെടുക്കുന്നത്. ഇവിടെ നിന്ന് ജയന്തിയാ ഹില്‍സിലെ മറ്റു പ്രദേശങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. മഴക്കാലത്ത് ഇവിടെ കനത്ത മഴ അനുഭവപ്പെടും. വേനല്‍ക്കാലത്ത് ജയന്തിയാ ഹില്‍സില്‍ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ശീതകാലത്ത് താപനില വളരെയധികം താഴും. അതുകൊണ്ട് തന്നെ ഈ സമയത്ത് തണുപ്പ് അസഹനീയമാകും. ജയന്തിയാ ഹില്‍സ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാലമാണ്.
STORY HIGHLIGHTS: Jaintia Hills attracts tourists