ജയ്പ്പൂരില്‍ നിന്ന് ആഗ്രയിലേക്കുള്ള പാതയില്‍ 95 കി മീ സഞ്ചരിച്ചാല്‍ ആഭാനേരി യില്‍ എത്താം. ഇത് രാജസ്ഥാനിലെ ദൌസാ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലം പ്രധാനമായും അറിയപ്പെടുന്നത് ഭീമാകാരമായ ചാന്ദ് ബോരി എന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ പടിക്കിണറിന്റെ പേരിലാണ് . ആഭാനേരി ഗ്രാമം ഗുര്‍ജര പ്രതിഹാര്‍ രാജാവായിരുന്ന സാമ്രാട്ട് മിഹിര്‍ ഭോജിന്റെ കാലത്താണ് രൂപവത്കൃതമായത്. ഈ ഗ്രാമം ‘ആഭാ നഗരി’ അല്ലെങ്കില്‍ പ്രകാശത്തിന്റെ നഗരം എന്നാണ് അറിയപ്പെട്ടിരുന്നത് .പിന്നീട് വാക്കുകള്‍ ലോപിച്ച് ആഭാനേരി എന്നായിത്തീര്‍ന്നു.ഒരിക്കല്‍ പ്രകാശത്തിന്റെ നഗരം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഇപ്പോള്‍ ജീര്‍ണ്ണാ വസ്ഥയില്‍ ആണ്. എങ്കിലും ഈ ചെറിയ ഗ്രാമം വളരെ ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പ്രധാനമായും വേനല്ക്കാലത്തേക്ക് വെള്ളം സംഭരിച്ചു വയ്ക്കുന്ന ആഭാനേരി യിലെ പ്രസിദ്ധമായ പടിക്കിണറുകള്‍ ആണ് മുഖ്യ ആകര്‍ഷണം.
ഇവിടെയുള്ള എല്ലാ പടിക്കിണറുകളിലും വച്ച് സഞ്ചാരികളെ വിസ്മയിപ്പിക്കുക വാസ്തുശില്‍പ്പപരമായി അത്ഭുതാവഹമായ ഭംഗിയുള്ള ചാന്ദ് ബോരി യാണ്. ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ളതും ആഴമുള്ളതുമായ പടിക്കിണര്‍ ആണിത്. മധ്യ കാലഘട്ടത്തിലെ ഭാരതീയ വാസ്തു വിദ്യയുടെ അത്ഭുതകരമായ വൈഭവം വിളിച്ചോതുന്ന ഹര്‍ഷത് മാതാ ക്ഷേത്രവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ ക്ഷേത്രം ഹര്‍ഷത് മാതാ എന്ന ‘ആമോദത്തിന്റെ ദേവത’യ്ക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആഭാനേരി ഗ്രാമം രാജസ്ഥാന്റെ വിവിധങ്ങളായ നാടന്‍ നൃത്ത രൂപങ്ങള്‍ക്ക് പേരുകേട്ടിരിക്കുന്നു . ഘൂമര്‍ , കാല്‍ബേലിയ, ഭാവി തുടങ്ങിയ ഗ്രാമീണ നൃത്ത രൂപങ്ങള്‍ അവയില്‍ ചിലതാണ്. ഭില്‍ ആദിവാസി ഗോത്രത്തിന്റെ നൃത്തരൂപമാണ് ഘൂമര്‍. കാല്‍ബേലിയ നൃത്തമാകട്ടെ അതേ പേരിലുള്ള ഗോത്ര സമുദായത്തിലെ സ്ത്രീകള്‍ ചെയ്യുന്ന നൃത്തമാണ്.
ഇവര്‍ പാമ്പുകളെ പിടികൂടി അവയുടെ വിഷം വിറ്റാണ് ജീവിക്കുന്നത്. അതേ സമയം ‘ഭാവിഡാന്‍സ്’ ഒരു അനുഷ്ഠാന നൃത്തമാണ്. അംബ മാതാവിന്റെ ,അതായത് ഭൂമി ദേവിയുടെ ,പ്രീതിക്കുവേണ്ടിയുള്ള അനുഷ്ഠാനം. ജയ്പ്പൂരില്‍ നിന്നും തൊണ്ണൂറ് കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിലേക്ക് ഇന്ത്യയിലെ ഏതു പ്രദേശത്ത് നിന്നും ഏളുപ്പം എത്തിച്ചേരാം.ഇതിന്റെ പഴയ കാല പ്രതാപവും വൈവിധ്യമാര്‍ന്ന സംസ്കാരവും ലോകത്തിന്റെ നാനാ പ്രദേശങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ആഭാനേരി സന്ദര്‍ശിക്കുന്നതിനു ഏറ്റവും അനുകൂലമായ സമയം. ആ സമയം ഇവിടെ നല്ല കാലാവസ്ഥയായിരിക്കും.
STORY HIGHLIGHTS: Abhaneri is the abode of Anandadaini