Kerala

ഉമ തോമസിൻ്റെ അപകടം: സുരക്ഷയ്ക്കായി കൈവരി ഇല്ല, ഗുരുതര വീഴ്ച; സംഘാടകര്‍ക്കെതിരെ കേസ്

ഉമ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആ‍ർ രജിസ്റ്റർ ചെയ്തു.

പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണ് സ്റ്റേജ് നിര്‍മിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു. വിഐപി ഗാലറിയിൽ നടന്നുപോകുന്നതിന് മതിയായ സ്ഥലമിട്ടില്ല, സുരക്ഷക്കായി കൈവരിയും സ്ഥാപിച്ചില്ല.

ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ​ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോ​ഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയത്. പിന്നാലെ കേസെടുക്കാൻ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു.

അതേസമയം, പരുക്കേറ്റ് ചികില്‍സയിലുള്ള ഉമ തോമസിന്‍റെ നില മാറ്റമില്ലാതെ തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിലാണ് നിലവിൽ ഉമ തോമസ്. അപകടത്തിൽ സമഗ്രമായ അന്വഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് കൊച്ചി ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിന്‍റെ വിഐപി പവലിയനിൽ നിന്ന് ഉമ തോമസ് എംഎൽഎ താഴേക്ക് വീണത്. തലച്ചോറിനും ശ്വാസ കോശത്തിനും ഏറ്റ പരുക്കാണ് ആശങ്കയായി തുടരുന്നത്. വീഴ്ചയുടെ ആഘാതത്തിൽ മുഖത്തും വാരിയെല്ലുകൾക്കും ഒടിവേറ്റതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ രക്തസ്രവമുണ്ടായി.  രാവിലെ 10.30 ഓട് കൂടി വിശദമായ മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വരും.