രണ്ടു വ്യത്യസ്ത ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള സ്പെയ്ഡെക്സ് സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന് ഐ എസ് ആര് ഒ യുടെ ധ്രുവീയ വിക്ഷേപണ വാഹനം (പി.എസ്.എല്‍.വി.സി 60) ഇന്ന് കുതിച്ചുയരും. പേടകങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽ നിന്ന് രാത്രി 9.58ന് പേടകങ്ങളുമായി പിഎസ്എൽവി സി60 റോക്കറ്റ് കുതിക്കും. അരമണിക്കൂറിനുള്ളിൽ പേടകങ്ങൾ 470 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും. കൗണ്ട്ഡൗൺ ഞായർ രാത്രി 8.58ന് തുടങ്ങി. ഇന്ധനം നിറക്കുന്ന പ്രക്രിയയും ആരംഭിച്ചു.
ഈ വർഷത്തെ അവസാനത്തെ വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് സാങ്കേതികവിദ്യ പരീക്ഷണം ജനുവരി ആറ് മുതൽ 10 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
220 കിലോഗ്രാം വീതം ഭാരമുള്ള ടാർജറ്റ്, ചെയ്സർ ഉപഗ്രഹങ്ങളെ പടിപടിയായി അടുത്തു കൊണ്ടുവന്നാണ് ഡോക്കിങ് സാധ്യമാക്കുക. 20 കിലോമീറ്റർ വ്യത്യാസത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളെ അടുത്തെത്തിക്കുക എന്നത് സങ്കീർണമാണ്. ദൂരം നാല് സെന്റിമീറ്ററില്‍ എത്തുന്നതോടെ ഡോക്കിങ്ങ് അവസാന ഘട്ടത്തിലെത്തും. ചന്ദ്രയാൻ 4, ഇന്ത്യൻ ബഹിരാകാശ നിലയം തുടങ്ങിയ ഭാവി ദൗത്യങ്ങൾക്കുള്ള സാങ്കേതിക വിദ്യ പരീക്ഷണമാണിത്.
കൂടാതെ യന്ത്രകൈയുടെ പരീക്ഷണവുമുണ്ട്. ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്ന റോക്കറ്റിന്റെ നാലാം ഘട്ടമായ പി എസ് 4 ഉപയോഗിച്ച് മൂന്നു മാസം നിരവധി പരീക്ഷണങ്ങളും നടത്തുന്നുണ്ട്. പോയം എന്ന ഈ പരീക്ഷണ തട്ടകത്തിലെ പ്രത്യേക ശാലയിൽ വിത്തുകൾ മുളപ്പിച്ച് നിരീക്ഷിക്കും. 24 പരീക്ഷണ ഉപകരണങ്ങളാണ് തട്ടകത്തിലുള്ളത്. എഐ ലാബ്, റഡാർ എന്നിവയും ഇതിലുണ്ട്.