കാർഷിക പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗജീത് സിങ് ദല്ലേവാളിന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് പഞ്ചാബിൽ കർഷക ബന്ദ്. കിസാൻ മസ്ദൂർ മോർച്ച, സംയുക്ത കിസാൻ മോർച്ച സംഘടനകൾ ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് നാലുവരെ ബന്ദാചരിക്കും.
പാൽ, പഴം, പച്ചക്കറി വാഹനങ്ങൾ നിരത്തിലിറങ്ങില്ല. ചന്തകൾ നാലിന് ശേഷമേ തുറക്കൂ. പഞ്ചാബിലെ വിവിധയിടങ്ങളിൽ കർഷകരുടെ നേതൃത്വത്തിൽ ട്രെയിൻ തടയും. റോഡും ഉപരോധിക്കും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാർ എത്തരുതെന്ന് നേതാക്കൾ അഭ്യർഥിച്ചിട്ടുണ്ട്. ആംബുലൻസ്, വിവാഹ വാഹനങ്ങൾ എന്നിവ കടത്തിവിടും. ബന്ദ് വിജയിപ്പിക്കാൻ മറ്റ് തൊഴിലാളി സംഘടനകളുമായും നേതാക്കൾ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
അതിനിടെ ഖനൗരി അതിർത്തിയിൽ 33 ദിവസമായി നിരാഹാരം തുടരുന്ന ദല്ലേവാളിന്റെ ആരോഗ്യം അപകടകരമാംവിധം വഷളായി. പഞ്ചാബ് മന്ത്രിമാരുടെ സംഘം വൈദ്യസഹായം സ്വീകരിക്കണമെന്ന് ദല്ലേവാളിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരാകരിച്ചു.