കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചുണ്ടായ ഉയരത്തില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിനെ ഐസിയുവിലേക്ക് മാറ്റി. പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉമാ തോമസ് ചികിത്സയിലുള്ളത്. തലക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റ ഉമ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. വെന്‍റിലേറ്ററിലുള്ള ഉമയുടെ തലയില്‍ രക്തസ്രാവം നിയന്ത്രണ വിധേയമാണ്. അപകടമുണ്ടായി കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മതിയായ സുരക്ഷ ഒരുക്കിയിട്ടില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉമ തോമസിൻ്റെ ആരോഗ്യത്തിൽ തുടക്കത്തിലുണ്ടായിരുന്ന ആശങ്ക നിലവിലില്ലെന്ന് മന്ത്രി കെ.രാജൻ വ്യക്തമാക്കി. 5 വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. വിശദമായ മെഡിക്കൽ ബുള്ളറ്റിൻ രാവിലെ 10.30 ന് പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.