India

ജഗ്ജീത് സിങ് ദല്ലേവാളിന്റെ നിരാഹാര സമരം; ആരോഗ്യനില മോശം, ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രിം കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും

പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന മുതിർന്ന കർഷക നേതാവ് ജഗ്‌ജീത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രിം കോടതി അനുവദിച്ച സമയം നാളെ അവസാനിക്കും. എന്നാൽ ആശുപത്രിയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ദല്ലേവാൾ. സമരം ചെയ്യാൻ തനിക്ക് മേൽ സമ്മർദ്ദം ഇല്ലെന്നും ദല്ലേവാൾ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു മാസത്തിലേറെയായി ജഗ്ജിത് സിംഗ് ദല്ലേവാൾ നിരാഹരത്തിലാണ്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതോടെയാണ് ദല്ലേവാളിനെ നാളെയ്ക്കകം ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി പഞ്ചാബ് സർക്കാരിന് താക്കിത് നൽകിയത്.

എന്നാൽ തന്നെ ആശുപത്രിയിലേക്ക് മാറ്റുന്നത്തിന് പകരം കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുവാൻ കേന്ദ്രസർക്കാരിന് സുപ്രിം കോടതി നിർദേശം നൽകണമെന്ന നിലപാടിലാണ് ദല്ലേവാൾ. നിരാഹാര സമരം തുടരാൻ ദല്ലേവാളിനു സമ്മർദ്ദം ഉണ്ടെന്ന സുപ്രിം കോടതി വിമർശനവും അദ്ദേഹം തള്ളിക്കളയുന്നു.

അതേസമയം കാർഷിക പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കർഷക നേതാവ്‌ ജഗജീത്‌ സിങ് ദല്ലേവാളിന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട്‌ ഇന്ന് പഞ്ചാബിൽ കർഷക ബന്ദ്‌ നടത്തും. കിസാൻ മസ്ദൂർ മോർച്ച, സംയുക്ത കിസാൻ മോർച്ച സംഘടനകൾ ഇന്ന് രാവിലെ ഏഴ്‌ മുതൽ വൈകിട്ട്‌ നാലുവരെ ബന്ദാചരിക്കും.