Kerala

നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസ്

പ്രശസ്ത സിനിമ-സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണം. പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് മുറിയിൽ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. എറണാകുളം സ്വദേശിയായ ദിലീപ് സീരിയല്‍ ഷൂട്ടിംഗിനായിട്ടാണ് തിരുവനന്തപുരത്തെത്തിയത്.

ദീർഘകാലമായി മലയാള സീരിയൽ രം​ഗത്ത് സജീവമാണ് ദിലീപ് ശങ്കർ. 27ന് ഷൂട്ട് കഴിഞ്ഞ ശേഷം അണിയറപ്രവർത്തകർ തന്നെയാണ് അദ്ദേഹത്തെ ഹോട്ടലിൽ എത്തിച്ചത്. രണ്ട് ദിവസമായി ദിലീപിനെ ഫോണിൽ ലഭിച്ചിരുന്നില്ല. അടുത്ത ദിവസത്തെ ഷൂട്ടിനായി കൂട്ടിക്കൊണ്ടുപോവാൻ പ്രൊഡക്ഷൻ കൺട്രോളർ എത്തിയപ്പോഴാണ് ദിലീപ് ശങ്കറിനെ റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ദിലീപ് ശങ്കറിന് കരൾ രോ​ഗമുണ്ടായിരുന്നു എന്നാണ് സഹപ്രവർത്തകർ പറയുന്നത്. ആരോ​ഗ്യപ്രശ്നമുള്ളതിനാലാണ് 27ന് അദ്ദേഹത്തിന്‍റെ ഷെഡ്യൂൾ വേ​ഗത്തിൽ പൂർത്തിയാക്കി റൂമിൽ എത്തിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു.