അഭിനയിച്ചതിൽ ഏറ്റവും സംതൃപ്തി തോന്നിയ ചിത്രങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ ദുൽഖർ സൽമാൻ പറഞ്ഞ ചിത്രങ്ങളിൽ ഒന്ന് ഉസ്താദ് ഹോട്ടൽ ആയിരുന്നു. അന്നും ഇന്നും പ്രേക്ഷകർക്കും അത് അങ്ങനെ തന്നെയാണ്. ദുൽഖർ സൽമാന് വലിയ പ്രേക്ഷക പ്രീതി നേടിക്കൊടുക്കാൻ കഴിഞ്ഞ ചിത്രമാണ് ഉസ്താദ് ഹോട്ടൽ. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഉസ്താദ് ഹോട്ടൽ. 2012 ജൂണില്‍ റിലീസ് ചെയ്ത ചിത്രത്തിൽ തിലകൻ, നിത്യ മേനോൻ, ലെന, മാമുക്കോയ, സിദ്ദിഖ് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. ഇപ്പോൾ പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന വാർത്ത ഉസ്താദ് ഹോട്ടൽ വീണ്ടും റിലീസിന് ഒരുങ്ങുന്നു എന്നതാണ്.
ജനുവരി മൂന്നിന് കേരളത്തിലെ പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ ചിത്രം റീ റിലീസ് ചെയ്യും. പിവിആർ ഐനോക്സിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അവർ ഈ വാർത്ത പങ്കുവെച്ചത്. റിലീസ് ചെയ്ത് 12 വർഷത്തിന് ശേഷമാണ് ഉസ്താദ് ഹോട്ടൽ വീണ്ടും തിയേറ്ററിലേക്ക് എത്തുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും ഉസ്താദ് ഹോട്ടലിനെ വിശേഷിപ്പിക്കാറ്. നടൻ തിലകനും മികച്ച പ്രകടനമായിരുന്നു സിനിമയിൽ കാഴ്ചവെച്ചത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു ചിത്രം നിർമിച്ചത്. ലോഗനാഥൻ ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ എഡിറ്റിംഗ് പ്രവീൺ പ്രഭാകർ ആയിരുന്നു കൈകാര്യം ചെയ്തത്. ഗോപി സുന്ദർ ആയിരുന്നു സിനിമക്കായി സംഗീതം നൽകിയത്. സിനിമയിലെ ഗാനങ്ങൾ ഒക്കെ ഇന്നും പ്രേക്ഷകർ നെഞ്ചോട് ചേർത്തവയാണ്.