Gulf

താമസത്തിനും ഷോപ്പിങ്ങിനും ചിലവഴിക്കുന്നത് കോടികൾ; ആഡംബര ജീവിതശൈലി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച വീട്ടമ്മയ്ക്ക് പണം നൽകിയത് തട്ടിപ്പ് നടത്തി പാപ്പരായ ഭർത്താവ്

നിരന്തരം സോഷ്യൽ മീഡിയകളിലൂടെ ആഡംബര ജീവിതം വെളിപ്പെടുത്തുന്ന പോസ്റ്റുകളുമായി എത്തുന്ന യുവതിയാണ് മലൈക രാജ. എന്നാൽ ദുബായിൽ താമസിക്കുന്ന വനിതയ്ക്ക് പണം നൽകിയിരുന്നത് പാപ്പരാക്കപ്പെട്ടതിനു ശേഷം യുകെയിൽ നിന്ന് പലായനം ചെയ്ത ഭർത്താവാണെന്നാണ് പുതിയ റിപ്പോർട്ട്. 15 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മലൈക രാജയാണ് ഡെയ്‌ലി മെയിൽ പുറത്തുവിട്ട റിപ്പോർട്ടിനെ തുടർന്ന് വിവാദത്തിലായിരിക്കുന്നത്. പിങ്ക് മെഴ്‌സിഡസ് ജി-വാഗൺ കാറിൽ സഞ്ചരിക്കുന്നതും വിലകൂടിയ സൗന്ദര്യ ചികിത്സകൾക്കായി പോകുന്നതിന്റെയും വീഡിയോകൾ പതിവായി മലൈക രാജ പോസ്റ്റ് ചെയ്യുന്നു. ഭർത്താവ് മുഹമ്മദ് മരിക്കാറിൽ നിന്ന് പ്രതിമാസം 25,000 പൗണ്ടിന്റെ താമസത്തിനും ഷോപ്പിങ്ങിനുമുള്ള പണം ലഭിക്കുന്നതായിട്ടാണ് മലൈക അവകാശപ്പെടുന്നത്. അടുത്തിടെ വാങ്ങിയ ദുബായിലെ ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ 20 ലക്ഷം പൗണ്ട് വിലവരുന്ന ആഡംബര ഭവനത്തിലാണ് ദമ്പതികൾ താമസിക്കുന്നത്.

24HR ട്രേഡിങ് അക്കാദമി കമ്പനി വഴി നിയമവിരുദ്ധമായി നിക്ഷേപ ഉപദേശം നൽകിയതിന് 2021 മാർച്ചിൽ ലണ്ടനിലെ ഹൈക്കോടതി പിഴ ചുമത്തിയ വ്യക്തിയാണ് മുഹമ്മദ് മരിക്കാർ. വാട്സ്ആപ്പ് വഴി ഓഹരികൾ, ചരക്കുകൾ, വിദേശ കറൻസികൾ എന്നിവ എപ്പോൾ വാങ്ങണം എന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് ഇയാളുടെ കമ്പനി ഫീസ് വാങ്ങി ഉപദേശം നൽകി. ഇതിന് ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ (എഫ്‌സിഎ) അംഗീകാരമില്ലായിരുന്നു . ഇയാളുടെ ഉപദേശം കേട്ട് നിക്ഷേപം നടത്തിയവര്‍ക്കെല്ലാം പണം നഷ്ടമായി. ഇതുകണ്ടെത്തിയതോടെ എഫ്‌സിഎ അദ്ദേഹത്തിനെതിരെ നടപടികൾ സ്വീകരിച്ചു. 5,30,000 പൗണ്ട് പിഴ നല്‍കണമെന്നതായിരുന്നു ഹൈക്കോടതി മുഹമ്മദ് മരിക്കാറിന് വിധിച്ച ശിക്ഷ. ഇത് ഇയാൾ നൽകിയില്ല. എഫ്‌സിഎ ഇതേതുടർന്ന് 2022 ഓഗസ്റ്റിൽ മുഹമ്മദ് മരിക്കാറിനെ പാപ്പരായി പ്രഖ്യാപിച്ചു. എന്നാൽ 2022 സെപ്റ്റംബറോടെ ഔദ്യോഗിക റിസീവര്‍ക്ക് 1,06,000 പൗണ്ട് മാത്രമേ വീണ്ടെടുക്കാനായുള്ളൂ, അപ്പോഴേക്കും മരിക്കാർ യുകെ വിട്ട് ദുബായിലേക്ക് താമസം മാറിയിരുന്നു.

യുകെയിൽ പാപ്പരായി പ്രഖ്യാപിച്ചെങ്കിലും, അടുത്തിടെ നടത്തിയ ഒരു ലണ്ടൻ സന്ദർശനത്തിനിടെ ഇവർ ആഡംബര വസ്തുക്കൾ വാങ്ങാൻ പോകുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. അദ്ദേഹത്തിന് ഇപ്പോഴും 1,43,000 ഫോളോവേഴ്‌സ് ഉണ്ടെന്നും സ്വയം ഒരു ‘സംരംഭകൻ’, ‘വ്യാപാരി/ഉപദേശകൻ’ എന്നിങ്ങനെ വിശേഷിപ്പിക്കുന്നുവെന്നും ഇൻസ്റ്റഗ്രാം പ്രൊഫൈൽ വെളിപ്പെടുത്തുന്നു.