നാം ആരോഗ്യകരമായ ഭക്ഷണങ്ങൾ വാങ്ങിയാൽ പോലും ഇവ ചിലപ്പോൾ അനാരോഗ്യകരമായി മാറിയേക്കാം. ഇവ തയ്യാറാക്കുന്ന രീതി, കഴിയ്ക്കുന്ന രീതി, എന്തിന് സൂക്ഷിയ്ക്കുന്ന രീതി പോലും ഇത്തരം അവസ്ഥയ്ക്ക് കാരണമാകാം. ഇതു പോലെയാണ് വാങ്ങിയ ചില ഭക്ഷണ വസ്തുക്കൾ നല്ലതാണോ എന്നു തിരിച്ചറിയാന്‍ സാധിയ്ക്കാത്തത്. ഇത്തരത്തിൽ ഒന്നാണ് മുട്ട. നല്ലൊരു സമീകൃതാഹാരമാണ് മുട്ട. എന്നാൽ പലപ്പോഴും വാങ്ങിയ മുട്ട ഉപയോഗയോഗ്യമാണോ എന്നറിയാൻ കഴിയാറില്ല. ചിലപ്പോൾ ഉണ്ടാക്കാന്‍ വേണ്ടി എടുക്കുമ്പോഴാകും, ഇത് കേടായത് എന്നറിയുക. ഇതു പോലെ തന്നെ മുട്ട സൂക്ഷിയ്ക്കുന്ന രീതിയും പ്രധാനമാണ്.
ഉണ്ണി കണ്ടാലറിയാം മുട്ടയുടെ ഉറപ്പ്. മുട്ടയുടെ ഉണ്ണി നല്ല മഞ്ഞനിറത്തിൽ ഉറച്ചിരിക്കണം. മുട്ട പൊട്ടിച്ചു കയ്യിലേക്കൊഴിച്ചാൽ ഉണ്ണി കയ്യിൽ നിൽക്കുകയും വെള്ളക്കരു അപ്പാടെ താഴേക്കു പോകുകയും ചെയ്താൽ മുട്ട നല്ലതാണ്. മുട്ടയുടെ ഉണ്ണിയിൽ രക്തക്കറ കണ്ടാൽ ഉപയോഗിക്കരുത്. വെള്ള കലങ്ങിയിരിക്കാൻ പാടില്ല.
കടയിൽനിന്ന് വാങ്ങുന്ന മുട്ട രണ്ട് ആഴ്ചയിൽ കൂടുതൽ പുറത്തു വയ്ക്കരുത്.കാരണം ഇതിലെ വെള്ളക്കരുവിലെ ജലാംശം ബാഷ്പീകരിച്ച് നഷ്ടമാകുകയും മഞ്ഞക്കരു മുട്ടതോടുമായി ബന്ധപെടുകയും ചെയ്യും. തോടിലെ സുഷിരത്തിലൂടെ ബാക്ടീരിയകൾ മഞ്ഞക്കരുവിൽ പ്രവേശിച്ച് അമിനോ ആസിഡുകളായി പ്രവർത്തിച്ച് ഹൈഡ്രജൻ സൾഫൈഡ് എന്ന ദുർഗന്ധ വാതകം ഉണ്ടാക്കും. ഇതാണ് ചീമുട്ടയ്ക്ക് ദുഃസ്സഹമായ ദുർഗന്ധം ഉണ്ടാകാൻ കാരണം.
മുട്ട നല്ലതോ ചീത്തയോ എന്നറിയാൻ മറ്റൊരു മാർഗം ഇതാ – അൽപം ഉപ്പിട്ട വെള്ളത്തിൽ മുട്ട വയ്ക്കുക. നല്ലതാണെങ്കിൽ താഴ്ന്നുതന്നെ കിടക്കും. ചീത്തയാകാൻ തുടങ്ങിയെങ്കിൽ പരന്ന അറ്റം വെള്ളത്തിൽ ഉയർന്നിരിക്കും. കൂർത്ത അറ്റം താഴെയും പരന്ന അറ്റം മുകളിലുമായി കുത്തനെ നിൽക്കുന്നെങ്കിൽ ആ മുട്ട ഉപയോഗിക്കരുത്. ഫ്രിഡ്ജിനു വെളിയിൽ വയ്ക്കുകയാണെങ്കിൽ മുട്ടയുടെ പുറത്ത് എണ്ണമയം പുരട്ടണം.
മുട്ട പുഴുങ്ങുമ്പോൾ മുട്ടയുടെ ഒരിഞ്ചുയരത്തിൽ വെള്ളം നിൽക്കണം. വെള്ളത്തിൽ അൽപം ഉപ്പിടണം. മുട്ടത്തോടിൽ ഉണ്ടായേക്കാവുന്ന പൊട്ടലിലൂടെ വെള്ള പുറത്തേക്കു ചാടാതിരിക്കാനാണ്. മുട്ട അടിക്കുമ്പോൾ, വെള്ളക്കരുവിൽ അൽപം ഉപ്പു ചേർത്തടിച്ചശേഷമേ മഞ്ഞക്കരു ചേർത്തടിക്കാവൂ.