Kerala

‘ഫോറസ്റ്റ് ഉദ്യോഗസ്ഥനെ തുറിച്ചു നോക്കിയാൽ പോലും കേസ് എടുക്കാവുന്ന സാഹചര്യം’; വനനിയമ ഭേദഗതി ബില്ലിനെതിരെ പിവി അൻവർ എംഎൽഎ | p v anwar mla about kerala forest law amendment bill

വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം

നിലമ്പൂർ: സംസ്ഥാന സ‍ർക്കാർ അവതരിപ്പിക്കാനിരിക്കുന്ന വനനിയമ ഭേദഗതി ബില്ലിനെതിരെ വിമ‍ർശനവുമായി പി വി അൻവർ എംഎൽഎ. പുതിയ ബില്ല് നിയമമായാൽ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിക്കാൻ പോലും അവസരം ജനത്തിന് അവസരമുണ്ടാകില്ല എന്ന് അൻവർ പറയുന്നു. വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബില്ല് കേരളത്തിലെ 1.30 കോടി ജനത്തെ ബാധിക്കുന്നതാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ തുറിച്ചു നോക്കിയാൽ പോലും കേസ് എടുക്കാവുന്ന സാഹചര്യമാണ് വരാൻ പോകുന്നത്. ആരെയും ഭയപ്പെടുത്താൻ ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ അനുവദിക്കുന്ന നിയമമാണിത്. പ്രതിപക്ഷം ശക്തമായി ഇടപെടേണ്ട വിഷയമാണ്. കേന്ദ്ര സ‍ർക്കാരിൻ്റെ നിർദേശമില്ലാതെയാണ് സംസ്ഥാന സർക്കാർ ഭേദഗതിക്ക് ഒരുങ്ങുന്നത്. ഐഎഫ്ഒഎസ് ഉദ്യോഗസ്ഥരുടെ താത്പര്യം മാത്രം നോക്കി എടുത്ത തീരുമാനമാണിത്. ഇതിനെതിരെ ജനുവരി 3,4,5 തീയതികളിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ പ്രചാരണ ജാഥ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വനം വകുപ്പ് മന്ത്രിക്ക് സ്ഥാനം നിലനിർത്തണമെന്ന വിചാരം മാത്രമാണെന്നും വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് നൽകിയ ഒരു വാക്കും പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തോമസ് കെ തോമസിന് പല കാര്യങ്ങളിലും സ്വതന്ത്ര അഭിപ്രായങ്ങളുണ്ട്. തോമസ് കെ തോമസ് മന്ത്രി ആയിരുന്നേൽ ഈ വനനിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ലായിരുന്നു. അതുകൊണ്ടാണ് ഡമ്മി മിനിസ്റ്ററെ വനംവകുപ്പ് ചുമതലയിൽ വച്ചിരിക്കുന്നത്.

സിപിഎം മുസ്ലീങ്ങളെ മുഴുവൻ വർഗീയവാദികളാക്കി മുദ്രകുത്തുകയാണ്. മുനമ്പത്ത് ക്രിസ്ത്യാനികളെയും വഞ്ചിച്ചു. വിവരമുള്ള ഒരു സ്വതന്ത്രനെയും സിപിഎമ്മിന് ഇനി കിട്ടില്ല. പാർട്ടിയെ നശിപ്പിക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ് പിണറായി വിജയൻ. എൽഡിഎഫ് അധികാരത്തിൽ തിരിച്ചെത്താതിരിക്കാൻ ആർഎസ്എസിന്റെ കരാർ ഏറ്റെടുത്തിരിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം വിമ‍ർശിച്ചു.

CONTENT HIGHLIGHT: p v anwar mla about kerala forest law amendment bill