കൊച്ചി സ്റ്റേഡിയത്തില്‍ നിര്‍മിച്ച ഗ്യാലറിയില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് അതീവ ഗുരുതരാവസ്ഥയിൽ നിന്ന് മാറി ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന് മന്ത്രി പി.രാജീവ്. ചികിത്സയില്‍ നിലവിലുള്ള രീതി തുടരുന്നതാണ് നല്ലതെന്ന് കോട്ടയത്ത് നിന്നും എത്തിയ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കല്‍ സംഘം പറഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു. കൊണ്ടുവന്നതിനേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയാണുള്ളത്. തലച്ചോറിന്റെ പ്രശ്നങ്ങള്‍ നിയന്ത്രണവിധേമായതായാണ് കാണാനാകുന്നത്. ശസ്ത്രക്രിയയുടെ സഹായം ആവശ്യമില്ല. ശ്വാസകോശവുമായി ബന്ധപ്പെട്ട ചികിത്സയാണ് നടക്കുന്നത്. പൂർണ ആരോഗ്യത്തോടെ തിരിച്ചെത്താൻ സമയമെടുക്കും. വെന്റിലേഷന് പിന്തുണ ഇപ്പോഴുമുണ്ട്. അപകടമുണ്ടായ കാര്യത്തില്‍ ഗൗരവമായ അന്വേഷണം തന്നെ നടക്കുന്നുണ്ടെന്നും മന്ത്രി രാജീവ് പറഞ്ഞു.
അതേസമയം അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കൽ സംഘം പറഞ്ഞു. ഇന്ന് രാവിലെ നടത്തിയ സിടി സ്കാൻ പരിശോധനയിൽ തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലെന്ന് റിനെ മെഡിസിറ്റിപുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അൽപ്പം കൂടിയിട്ടുണ്ട്. വയറിന്റെ സ്കാനിലും കൂടുതൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. രോഗിയുടെ വൈറ്റൽസ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററിൽ തുടരേണ്ട സാഹചര്യമുണ്ട്. ശ്വാസകോശത്തിന്റെ ചതവിനായി ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നൽകുന്നത്. വിശദമായി നടത്തിയ സ്കാനിൽ അണ്‍ഡിസ്പ്ലേസ്ഡ് സെര്‍വിക്കൽ സ്പൈൻ ഫ്രാക്ചര്‍ ഉണ്ടെങ്കിൽ കൂടി അടിയന്തരമായി ഇടപെടലുകള്‍ ആവശ്യമില്ല. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിനുശേഷം ആവശ്യമെങ്കിൽ ചികിത്സാ നടപടിക്രമങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നെന്നും മെഡിക്കല്‍ ബുള്ളറ്റിൻ ഇറക്കിശേഷം മെഡിക്കല്‍ സംഘം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ന്നലെ കൊച്ചി സ്റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്റ്റേജ് നിര്‍മ്മാണത്തിലെ അപാകതയ്ക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണാണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ലോക റെക്കോര്‍ഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 നര്‍ത്തകര്‍ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം.ഗ്യാലറിയുടെ മുകളില്‍ നിന്നും 20 അടിയോളം താഴെയ്ക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്.