കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. ഉമ തോമസ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ശ്വാസകോശത്തിലുണ്ടായ ഗുരുതരമായ ചതവുകൾ അൽപം കൂടിയിട്ടുണ്ടെന്ന് ഇന്നു രാവിലെ റിനൈ മെഡിസിറ്റി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇതു മൂലം കൂടുതൽ ദിവസം വെന്റിലേറ്ററിൽ തുടരേണ്ടി വരും. ശ്വാസകോശത്തിന്റെ ചതവിനുള്ള ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകൾ നൽകുന്നു. ഇന്ന് രാവിലെ നടത്തിയ സിടി സ്കാൻ പരിശോധനയിൽ തലയുടെ പരിക്കിന്‍റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്.
വയറിന്‍റെ സ്കാനിങ് നടത്തിയപ്പോൾ കൂടുതൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. എന്നാൽ ശ്വാസകോശത്തിന്‍റെ ചതവിനായി ആന്‍റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നൽകുന്നത്. വിശദമായി നടത്തിയ സ്കാനിൽ അണ്‍ഡിസ്പ്ലേസ്ഡ് സെര്‍വിക്കൽ സ്പൈൻ ഫ്രാക്ചര്‍ ഉണ്ടെങ്കിൽ കൂടി അടിയന്തരമായി ഇടപെടലുകള്‍ ആവശ്യമില്ല. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിനുശേഷം ആവശ്യമെങ്കിൽ ചികിത്സാ നടപടിക്രമങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നെന്നും മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നുണ്ട്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണാണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ലോക റെക്കോര്‍ഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 നര്‍ത്തകര്‍ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം.ഗ്യാലറിയുടെ മുകളില്‍ നിന്നും 20 അടിയോളം താഴെയ്ക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്. കോണ്‍ക്രീറ്റില്‍ തലയടിച്ചാണ് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.