മെൽബൺ: ആരാധകരെ നിരാശയിലാഴ്ത്തി മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ മലർത്തിയടിച്ച് ഓസ്ട്രേലിയ. 340 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 155 റണ്‍സിന് പുറത്താവുകയായിരുന്നു. 184 റണ്‍സിനാണ് ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് (2–1) മുന്നിലായി. അവസാന സെഷനിൽ കളി ഇന്ത്യൻ ടീം കൈവിട്ടു കളയുകയായിരുന്നു.
യശസ്വി ജയ്സ്വാള്‍ 84 റണ്‍സെടുത്തും ഋഷഭ് പന്ത് 30 റണ്‍സെടുത്തും പുറത്തായി. യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒന്‍പത് റണ്ണെടുത്തും കെ.എല്‍.രാഹുല്‍ പൂജ്യത്തിനും പുറത്തായി. വിരാട് കോലിക്ക് അഞ്ചു റണ്‍ മാത്രമാണ് നേടാനായത്. രവീന്ദ്ര ജഡേജ (രണ്ട്), നിതീഷ് കുമാർ റെഡ്ഡി ( ഒന്ന്) എന്നിവരാണ് ഇന്ത്യൻ ബാറ്റര്‍മാരുടെ സംഭാവന. ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റൻ പാറ്റ് കമിൻസ് മൂന്നും സ്കോട് ബോളണ്ട് രണ്ടും മിച്ചൽ സ്റ്റാർക്ക്, നേഥൻ ലയൺ, ട്രാവിസ് ഹെഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസുമായി മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ രാവിലെതന്നെ ഇന്ത്യ പുറത്താക്കി. ഇന്നലത്തെ സ്കോറിനോട് അഞ്ച് റൺസ് കൂടി ചേർത്താണ് ഓസീസ് പുറത്തായത്. 55 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 41 റൺസെടുത്ത നേഥൻ ലയണിനെ പുറത്താക്കി ജസ്പ്രീത് ബുമ്രയാണ് ഓസീസ് ഇന്നിങ്സിന് വിരാമമിട്ടത്. ബോളണ്ട് 74 പന്തിൽ രണ്ടു ഫോറുകൾ സഹിതം 15 റൺസുമായി പുറത്താകാതെ നിന്നു. അവസാന വിക്കറ്റിൽ ലയൺ – ബോളണ്ട് സഖ്യം കൂട്ടിച്ചേർത്തത് 78 റൺസാണ്.
ഇന്ത്യയ്‌ക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങി. 24.4 ഓവറിൽ 57 റൺസ് വഴങ്ങിയാണ് ബുമ്ര 5 വിക്കറ്റെടുത്തത്. മുഹമ്മദ് സിറാജ് 23 ഓവറിൽ 70 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ 14 ഓവറിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.
CONTENT HIGHLIGHT: india lost in melbourne test