തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ ചോർന്ന സംഭവത്തിൽ കേസെടുക്കാന്‍ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം എസ്പിയ്ക്കാണ് നിർദ്ദേശം നൽകിയത്. ഡിസിയുടെ പബ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീകുമാറിന്റെ ഇമെയിലിൽ നിന്നാണ് ആത്മകഥയുടെ ഉള്ളടക്കമെന്ന നിലയിൽ ചിലഭാഗങ്ങൾ ചോർന്നതെന്ന പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. പുതിയ പരാതി വേണ്ടെന്നും നിലവിലെ പരാതിയിൽ കേസെടുക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വഞ്ചനാകുറ്റത്തിന് ശ്രീകുമാറിനെതിരെ കേസെടുക്കും
തിരഞ്ഞെടുപ്പ് ദിവസം ആത്മകഥയിലെ ഉള്ളടക്കമെന്ന നിലയിൽ ചില ഭാഗങ്ങൾ പ്രചരിച്ചതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപിയുടെ നിർദ്ദേശപ്രകാരം കോട്ടയം എസ്.പി അന്വേഷണം നടത്തി ആദ്യഘട്ടത്തിൽ ഒരു റിപ്പോർട്ടും സമർപ്പിച്ചിരുന്നു. .എന്നാൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഡിജിപി റിപ്പോർട്ട് മടക്കി അയക്കുകയാണുണ്ടായത്. തുടർന്ന് കോട്ടയം എസ്.പിയുടെ രണ്ടാംഘട്ട റിപ്പോർട്ടിലാണ് ആത്മകഥയിലെ ചില ഭാഗങ്ങൾ ചോർന്നത് ഡിസി ബുക്കിൽ നിന്ന് തന്നെയെന്ന് പറയുന്നത്.
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ഇപിയുടെ ആത്മകഥ മാധ്യമങ്ങളിലൂടെ പുരത്ത് വന്നത് വൻ വിവാദമായിരുന്നു. ഇത് തന്‍റെ ആത്മകഥയല്ലെന്ന് ഇപി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി. പക്ഷെ ഇപിയുടെ ആത്മകഥ ഭാഗം ഇപി അറിയാതെ എങ്ങനെ ഡിസിയിൽ എത്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഗൂഡാലോചനയുണ്ടെന്നാണ് തുടക്കം മുതൽ ഇപി ജയരാജൻറെ വാദം.
CONTENT HIGHLIGHT: adgp orders to take case in e p autobiography leak controversy