റിയാദ്: റിയാദിലെ ജയിലിൽ 18 വർഷമായി കഴിയുന്ന മലയാളി കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ കേസ് കോടതി അഞ്ചാം തവണയും മാറ്റിവച്ചു. ഇന്ന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ് പരിഗണിച്ചെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ് കേസ് മാറ്റിവെച്ചു. മാറ്റിയത് ജനുവരി 15ലേക്കാണ്. അന്ന് രാവിലെ 8 മണിക്ക് കേസ് പരിഗണിക്കും.
ഇന്നു രാവിലെയായിരുന്നു സിറ്റിങ് നിശ്ചയിച്ചിരുന്നത്. സിറ്റിങ്ങിൽ എല്ലാം തീർപ്പാക്കി ഉത്തരവിന്‍റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. തീരുമാനം അനുകൂലമായാൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള പാസ്പോർട്ട് വിഭാഗത്തിന് ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കാനായേനെ.
സൗദി പൗരൻ അനസ് അൽ ശഹ്റിയുടെ മരണവുമായി ബന്ധപ്പെട്ടാണ് റഹീമിന് സൗദിയിലെ കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം. സൗദി പൗരനായ അനസ് ബിൻ ഫായിസ് അബ്ദുല്ല അൽ ശഹ്റിയുടെ സ്പോൺസർഷിപ്പിൽ ഹൗസ് ഡ്രൈവറായാണ് റഹീം സൗദിയിൽ എത്തിയത്. വാഹനാപകടത്തെ തുടർന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളർന്ന അനസ് അൽ ശഹ്റി എന്ന 18കാരനെ പരിചരിക്കലായിരുന്നു റഹീമിന്‍റെ ജോലി.
കഴുത്തിനു താഴെ ചലനശേഷി നഷ്ടമായ അനസ് ബിൻ ഫായിസ് ജീവൻ നിലനിർത്തിയതു വൈദ്യോപകരണങ്ങളുടെ സഹായത്തോടെയായിരുന്നു. യാത്രക്കിടെ സിഗ്നലിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട് അനസും റഹീമും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ റഹീമിന്‍റെ കൈ തട്ടി അനസിന്‍റെ ദേഹത്ത് ഘടിപ്പിച്ച വയർ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇതാണ് അനസിന്‍റെ മരണത്തിൽ കലാശിച്ചത്.
CONTENT HIGHLIGHT: abdul rahim riyad jail case postponed