നിരവധി ആരാധകർ ഉള്ള പോപ്പ് ബാൻഡ് ആണ് ബി ടി എസ്. ദക്ഷിണകൊറിയയിൽ നിന്നുമുള്ള ഇവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകളാണ് ആരാധകരായി ഉള്ളത്. ഇന്ത്യയിലെ വലിയൊരു കൂട്ടം ആളുകൾ ബി ടി എസിന്റെ ആരാധകരാണ്. ഒരിക്കലെങ്കിലും ഇവരെ കാണാൻ കഴിയുക എന്നുള്ളത് ഈ ആർമിയിലെ എല്ലാവരുടെയും സ്വപ്നമാണ്. ബി ടി എസിനെ കാണാൻ ഒളിച്ചോടി പോയ കുട്ടികളുടെ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അതിൽ നിന്നും വ്യത്യസ്തമായി ബി ടി എസിനെ കാണാനായി മൂന്ന് പെൺകുട്ടികൾ തിരഞ്ഞെടുത്ത മാർഗമാണ് ചർച്ചയാകുന്നത്. അവർ സ്വയം അവരെ തട്ടിക്കൊണ്ടുപോകുന്ന നാടകമാണ് അവലംബിച്ചത്.
മഹാരാഷ്ട്രയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളാണ് കഥയിലെ നായികമാർ. ധാരാശിവ് ജില്ലയിൽ നിന്നുള്ള 11 വയസും 13 വയസും പ്രായമുള്ള പെൺകുട്ടികൾ ആണ് തട്ടിക്കൊണ്ടുപോകല്‍ നാടകമാണ് പ്ലാന്‍ ചെയ്തത്.
പണം സമ്പാദിക്കുക, ദക്ഷിണ കൊറിയയില്‍ എത്തുക. ഇതാണ് പെണ്‍കുട്ടികള്‍ ലക്ഷ്യം വച്ചത്. ഇതിനായി അവര്‍ തട്ടിക്കൊണ്ടുപോകല്‍ നാടകമാണ് പ്ലാന്‍ ചെയ്തത്. ഒമേർഗയിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ യാത്ര ചെയ്യുകയായിരുന്ന ഒരു സ്ത്രീയുടെ നമ്പറില്‍ നിന്നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയതായി പോലീസിനു വിവരം ലഭിച്ചത്.
സോലാപൂർ ജില്ലയിലെ മൊഹോളില് എത്തിയപ്പോള്‍ പോലീസ് ബസ് ട്രാക്ക് ചെയ്തു. മൊഹോൾ ബസ് സ്റ്റാൻഡിൽ കട നടത്തുന്ന ഒരു സ്ത്രീയുമായും മൊഹോളിലെ അവരുടെ സഹപ്രവർത്തകരുമായും ഒമർഗ പോലീസ് ബന്ധപ്പെട്ടു. യുവതിയുടെ സഹായത്തോടെ മൂന്ന് പെൺകുട്ടികളെയും ബസിൽ നിന്നും ഇറക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു.
പൂനെയിൽ പോയി അവിടെ ജോലി ചെയ്ത് പണം സമ്പാദിക്കാനും അതിനുശേഷം ദക്ഷിണ കൊറിയയിലേക്ക് പോയി ബിടിഎസ് പോപ്പ് ബാൻഡിലെ അംഗങ്ങളെ കാണുകയും ആയിരുന്നു ലക്ഷ്യം എന്നാണ് പോലീസിനോട് കുട്ടികള്‍ പറഞ്ഞത്.