Kerala

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; ഇവന്‍റ്സ് മാനേജർ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു | kaloor stadium organizer krishna kumar

അനുമതികൾക്കായി വിവിധ ഏജൻസികളെ സമീപിച്ചത് കൃഷ്ണകുമാർ ആയിരുന്നു

കൊച്ചി: ഉമാ തോമസ് എംഎൽഎ അപകടത്തിൽപെട്ട കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടകനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു. നിലവിൽ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. സംഘാടകൻ എന്ന നിലയിൽ മൃദംഗ വിഷന് വേണ്ടി അനുമതികൾക്കായി വിവിധ ഏജൻസികളെ സമീപിച്ചത് കൃഷ്ണകുമാർ ആയിരുന്നു. ഓസ്കാര്‍ ഇവന്‍റ് മാനേജ്മെന്‍റ് ഉടമയാണ് കൃഷ്ണകുമാര്‍. ഇവരാണ് കലൂരിൽ പരിപാടി നടത്തിയത്.

അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി പരിപാടിയുടെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. മൃദംഗ വിഷൻ എംഡി നിഗേഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. പരിപാടിയുടെ നടത്തിപ്പിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

എംഎൽഎ അപകടത്തിൽപ്പെടാൻ ഇടയാക്കിയ പരിപാടി സംഘടിപ്പിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നാണ് ജിസിഡിഎയുടെ കണ്ടെത്തല്‍. സ്റ്റേജ് കെട്ടാൻ അനുമതി നൽകിയിരുന്നില്ലെന്ന് ജിസിഡിഎ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘാടകരായ മൃദംഗ മിഷനും സ്റ്റേജ് നിർമ്മിച്ച കരാർ ജീവനക്കാർക്കും എതിരായാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. .എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം എന്ന കരാർ ലംഘിച്ചാണ് സംഘാടകർ പരിപാടി നടത്തിയതെന്ന് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള പറഞ്ഞു.

ഉറപ്പുള്ള ബാരിക്കേറ്റുകൾ സ്ഥാപിക്കുകഎന്ന പ്രാഥമിക സുരക്ഷ നടപടി പോലും സംഘാടകർ സ്വീകരിച്ചില്ലെന്ന് ഫയർഫോഴ്സ് റിപ്പോർട്ടിൽ പറയുന്നു. അപകട സ്ഥലത്ത് ജിസിഡിഎ എൻജിനീയർമാരും ഫോറൻസിക് വിഭാഗവും പൊലീസും പരിശോധന നടത്തി.

CONTENT HIGHLIGHT: kaloor stadium organizer krishna kumar arrested