Kerala

കലൂർ സ്റ്റേഡിയത്തിലെ അപകടം; സിനിമാതാരങ്ങൾക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കും; സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ | city police commisoner about kaloor accident

പരിപാടിക്കായി പൊലീസ് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിയിൽ സിനിമാതാരങ്ങൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. സംഭവത്തിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയും പരാതികൾ ലഭിച്ചിട്ടില്ല എന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

സംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്ക് നൽകിയ അനുമതിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെ്. സംഘാടകരെ ചോദ്യം ചെയ്യുന്നുണ്ട്. പൊലീസിനെ അറിയിച്ചിരുന്നുവെന്നാണ് വിവരം. പരിപാടിക്കായി പൊലീസ് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളിൽ നിന്നും അനുമതി വാങ്ങേണ്ടത് സംഘാടകരാണ്. ഇത് പരിശോധിക്കും. പിഡബ്ല്യുഡി സ്റ്റേജ് കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അവർ റിപ്പോർട്ട് നൽകുമെന്നും കമ്മീഷ്ണർ പറഞ്ഞു.

മൃദംഗ വിഷനായിരുന്നു പരിപാടിയുടെ സംഘാടകർ. ​ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി നടത്തിയ പരിപാടിയിലാണ് ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റത്.

അതേസമയം, സംഭവത്തിൽ കേസെടുത്ത പൊലീസ് ഈവെന്റ് മാനേജ്മെന്റ് കമ്പനി ഉടമയെ അറസ്റ്റ് ചെയ്തു. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. സംഘാടകൻ എന്ന നിലയിൽ മൃദംഗ വിഷന് വേണ്ടി അനുമതികൾക്കായി വിവിധ ഏജൻസികളെ സമീപിച്ചത് കൃഷ്ണകുമാർ ആയിരുന്നു. ഓസ്കാര്‍ ഇവന്‍റ് മാനേജ്മെന്‍റ് ഉടമയാണ് കൃഷ്ണകുമാര്‍. ഇവരാണ് കലൂരിൽ പരിപാടി നടത്തിയത്. ഇന്നലെയാണ് ഉമ തോമസ് 14 അടിയോളം ഉയരമുള്ള സ്റ്റേജിന് മുകളിൽ നിന്ന് വീണത്. യാതൊരു മുൻ കരുതലും ഇല്ലാതെ തട്ടികൂട്ടി ഉണ്ടാക്കിയൊരു സ്റ്റേജിൽ നിന്നാണ് അപകടം സംഭവിച്ചത്.

അപകടത്തിന് പിന്നാലെ മുൻകൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുൻകൂര്‍ ജാമ്യം തേടി മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്ന് ഹർജിയിൽ മൃദംഗവിഷൻ വ്യക്തമാക്കുന്നുണ്ട്. അനിയന്ത്രിതമായ തിരക്കോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയിൽ പറയുന്നു.

ഇതിനിടെ, ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയ്ക്കായി കലൂര്‍ സ്റ്റേഡിയം വിട്ടുകൊടുത്തതിന് ജിസിഡിഎയും സംഘാടകരുമായി ഉണ്ടാക്കിയ കരാരും പുറത്തുവന്നിട്ടുണ്ട്. സംഘാടകരായ മൃദംഗ വിഷന് ജിസിഡിഎ നൽകിയ അനുമതി കരാര്‍ ആണ് പുറത്തുവന്നത്. സ്റ്റേഡിയം ഉപയോഗിക്കാൻ മാത്രമാണ് അനുമതി നൽകിയത്. സ്റ്റേജ് ഉൾപ്പെടെയുള്ള അധികനിർമാണത്തിന് അനുമതി തേടിയിരുന്നില്ല. ഗാലറിയിൽ അധികമായി ഉണ്ടാക്കി താല്‍ക്കാലിക സ്റ്റേജിൽ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്. അധിക നിർമ്മാണത്തിന് കൊച്ചി കോർപ്പറേഷനിൽ നിന്നും ഫയർഫോഴ്സിൽ നിന്നും അനുമതി തേടണമെന്ന് ജിസിഡിഎ നിർദ്ദേശിച്ചിരുന്നു. എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നേടേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ജിസിഡിഎ നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.

കലൂര്‍ സ്റ്റേഡിയത്തിൽ പൊലീസും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്.