കൊച്ചി/കല്‍പ്പറ്റ: ഉമ തോമസിന് പരുക്ക് പറ്റിയ നൃത്തപരിപാടിയുടെ സംഘാടനത്തിലെ പിഴവിന് പുറമേ ഗിന്നസ് റെക്കാർഡിന്‍റെ പേരിൽ നടന്ന പണപ്പിരിവ് കൂടിയാണ് പുറത്തുവരുന്നത്. 12000 നർത്തകരിൽ നിന്നായി മൂന്നുകോടിയോളം രൂപയാണ് സംഘാടകരായ മൃദംഗ വിഷൻ പിരിച്ചെടുത്തത്. എല്ലാവർക്കും ഗിന്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇതെല്ലാം. മൃദംഗ വിഷൻ എന്ന സ്ഥാപനത്തിനെതിരെ കൂടുതൽ ആരോപണമാണ് ഇതോടെ ഉയരുന്നത്. ഉമ തോമസിനുണ്ടായ അപകടത്തിന് പിന്നാലെയാണ് പണപ്പിരിവ് നടത്തിയെന്ന വെളിപ്പെടുത്തലുമായി കൂടുതൽ പേര്‍ രംഗത്തെത്തിയത്.
വയനാട് മേപ്പാടിയിൽ ആണ് മൃദംഗ വിഷന്‍റെ പ്രധാന ഓഫീസ് ഉള്ളത് .അരപ്പറ്റ സ്വദേശിയായ നിഗോഷ് രണ്ടു വർഷത്തോളമായി ജ്യോതിസ് കോംപ്ലക്സിൽ മൃദംഗ വിഷൻ ഓഫീസ് നടത്തുന്നുണ്ട്. ചെറിയ ഒരു ഓഫീസ് മുറി മാത്രമാണ് മേപ്പാടിയിലുള്ളത്. പ്രീമിയം ആര്‍ട്ട് മാഗസിൻ ഇൻ മലയാളം എന്ന ടാഗ് ലൈനോടെയാണ് മൃദംഗ വിഷന്‍റെ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിയുടെ സംഘാടകരാണ് മൃദംഗ വിഷൻ. വളരെ അപൂര്‍വമായിട്ടാണ് ഈ ഓഫീസ് തുറക്കാറുള്ളുവെന്നാണ് കെട്ടിട ഉടമ അടക്കമുള്ളവര്‍ പറയുന്നത്.
കൃത്യമായ ക്രമീകരണം ഒരുക്കാതെയാണ് പരിപാടി നടത്തിയതെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകര്‍ പങ്കെടുത്ത ഭരതനാട്യം അവതരണമാണ് കലൂരിൽ നടന്നത്. ഗിന്നസ് ലോക റെക്കോഡിന്‍റെ സര്‍ട്ടിഫിക്കറ്റ് പങ്കെടുക്കുന്ന എല്ലാവര്‍ക്കും കിട്ടുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെന്നാണ് പങ്കെടുത്തവര്‍ പ്രതികരിച്ചത്. ലോക റിക്കാർഡെന്ന സംഘാടകരായ മൃദംഗ വിഷന്‍റെ വാഗ്ദാനത്തിൽ വിശ്വസിച്ചാണ് വിദേശത്തുനിന്നടക്കം നർത്തകർ എത്തിയത്. പങ്കെടുക്കാനെത്തിയ ഓരോരുത്തരിൽ നിന്നും പണപ്പിരിവും നടത്തി. രണ്ടായിരം മുതൽ ആറായിരം വരെയാണ് ഓരോരുത്തരും മുടക്കിയത്. ഇതിനിടെ, സംഘാടനത്തിലെ പിഴവ് കണ്ടതോടെ പിൻവാങ്ങിയവരുമുണ്ട്.
നർത്തകരുമായി സംഘാടകർ നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല. ഡാൻസ് സ്കൂളുകൾ വഴിയായിരുന്നു നർത്തകരെ എത്തിച്ചത്. പ്രമുഖ വസ്ത്രശാലയുടെ പുടവയടക്കം നർത്തകർക്ക് വാഗ്ദാനം ചെയ്തിരുന്നു. മന്ത്രിയടക്കം പങ്കെടുക്കുന്നതിനാൽ സർക്കാർ പിന്തുണയുണ്ടെന്നും പറഞ്ഞിരുന്നതായി നർത്തകർ പറയുന്നു. ടിക്കറ്റുവെച്ചാണ് കാണികളെ കയറ്റിയത്. അതേസമയം, ഉമാ തോമസിനുണ്ടായ അപകടമൊഴിച്ചാൽ സംഘാടനം മികച്ചതായിരുന്നെന്നും പണപ്പിരിവിനെപ്പറ്റി അറിയില്ലെന്നുമാണ് പരിപാടിയുമായി സഹകരിച്ച നടൻ സിജോയ് വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. സംഘാടകരായ മൃദംഗവിഷനെ ബ്രാന്‍റിങിൽ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും നടൻ സിജോയ് വർഗീസ് പറഞ്ഞു.പരിപാടിയുടെ സംഘാടകരായ കൂടുതൽ പേരെ അടുത്ത ദിവസം ചോദ്യം ചെയ്യും.
അതേസമയം, നൃത്ത പരിപാടിയ്ക്കിടെ കൊച്ചി സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ ഉമാ തോമസ് എം എൽ എയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അപകടം നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലച്ചോറിനുണ്ടായ ക്ഷതം മാത്രമല്ല ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമാണ്. ഉമാ തോമസിന്‍റെ തലച്ചോറിനും ശ്വാസകോശത്തിനുമാണ് ഗുരുതര പരുക്കുളളതെന്നാണ് മെഡിക്കൽ ബോർഡ് യോഗത്തിനുശേഷം ഡോക്ടർമാരുടെ വിലയിരുത്തൽ. തലയിലെ പരിക്ക് ഇന്നലേത്തേ അതേ അവസ്ഥയിലാണ്.
കൂടുതൽ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ല എങ്കിലും ശ്വാസകോശത്തിലെ ചതവുകൾ കൂടിയിട്ടുണ്ട്. രക്തസമ്മർദ്ദത്തിൽ രാവിലെ വ്യതിയാനം കണ്ടിരിന്നു. ഇതിനായി മരുന്നുകൾ നൽകിയശേഷമാണ് വിശദമായ സിടി സ്കാൻ എടുത്തത്. ശ്വാസകോശത്തിലടിഞ്ഞുകൂടിയ രക്ത പുറത്തെറിച്ചു. ശ്വാസകോശത്തിനേറ്റ സാരമായ ചതവുകാരണം വെന്‍റിലേറ്ററിൽ തുടരുകയാണ്. ഈ പരിക്ക് പരിഹരിക്കാൻ ആന്‍റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. നട്ടെല്ലെന് പരിക്കുണ്ടെങ്കിലും അടിയന്തര ചികിത്സ ആവശ്യമില്ല. തലച്ചോറിനേറ്റ പരിക്ക് എത്രകണ്ട് ഗുരുതരമാണെന്ന് പതുക്കയേ വ്യക്തമാകൂ. ശ്യാസകോശമടക്കമുളള മറ്റ് ആന്തരികാവയവങ്ങൾ സുഖം പ്രാപിക്കുന്ന മുറയ്ക്കേ തലച്ചോറിലെ പരുക്ക് കുറയു എന്നും ഡോക്ടർമാർ അറിയിച്ചു.
content highlight : uma-thomas-stage-accident-latest-news-3-crore-collected-from-12000-people-in-the-name-of-guinness-record