India

ചുമതലയേറ്റെടുക്കാൻ ബിഹാറിലേക്ക് തിരിച്ച് ആരിഫ് മുഹമ്മദ് ഖാൻ; കെ.വി തോമസ് കൊച്ചിൻ ഹൗസിലെത്തി കൂടിക്കാഴ്ച നടത്തി | thomas-visist-former-kerala-governor

ഇന്നലെ ദില്ലിയിലെത്തിയ ഗവർണർ കേരള ഹൗസിൽനിന്നാണ് ബിഹാറിലേക്ക് തിരിച്ചത്

ദില്ലി: മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റെടുക്കാൻ ബിഹാറിലേക്ക് തിരിച്ചു. ഇന്നലെ ദില്ലിയിലെത്തിയ ഗവർണർ കേരള ഹൗസിൽനിന്നാണ് ബിഹാറിലേക്ക് തിരിച്ചത്. കേരള സർക്കാറിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസും, കേരള ഹൗസ് ജീവനക്കാരും കൊച്ചിൻ ഹൗസിലെത്തി ഗവർണറെ കണ്ടു. കേരളവുമായുള്ള സഹകരണം ജീവിതകാലം മുഴുവൻ തുടരുമെന്ന് ഗവർണർ പറഞ്ഞു. കിടപ്പാടം വിറ്റും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്ന സമൂഹമാണ് കേരളത്തിലേതെന്നും, കേരളം എന്നും രാജ്യത്തിന് പ്രചോദനം ആകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

സംഭവബഹുലമായ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമാണ് കേരളത്തിൽ നിന്ന് മടങ്ങിയത്. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്.  മലയാളത്തിൽ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലേക്ക് പോയത്. രാജേന്ദ്ര അർലേക്കർ ആണ് കേരളത്തിന്‍റെ പുതിയ ഗവർണർ. അലേർക്കർ ജനുവരി 2ന് ചുമതലയേൽക്കും.

ആർഎസ്എസിൽ നിന്ന് ബിജെപിയിലെത്തി ഗോവയിൽ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ ശേഷമാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗവർണറായത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ അർലേക്കറായിരുന്നു ഗവർണ്ണർ. ഹിമാചലിൽ സ്കൂളുകളും കോളേജുകളും തൊഴിലാളികളുടെ താമസസ്ഥലവും ഒക്കെ നിരന്തരം സന്ദർശിച്ച് രാജ്ഭവന് പുറത്തേക്കിറങ്ങിയ വ്യക്തിയായിരുന്നു അർലേക്കർ. ഒരു കൊല്ലത്തിനു ശേഷം ബീഹാറിലേക്ക് ഗവർണറായി അദ്ദേഹം മാറി. നിതീഷ് ഇന്ത്യ സഖ്യത്തിൻറെ ഭാഗമായിരുന്നപ്പോൾ സർവ്വകലാശാല വൈസ് ചാൻസലർമാരുടെ നിയന്ത്രണത്തെ ചൊല്ലി സംസ്ഥാനവുമായി തെറ്റിയതോടെയാണ് സ്ഥാന മാറ്റം.

 

content highlight : thomas-visist-former-kerala-governor