തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് ആഭ്യന്തരമന്ത്രാലയം കേരളത്തിന് കത്ത് നൽകി. എന്നാൽ പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുന്നതിൽ ഇപ്പോഴും വ്യക്തമായ മറുപടി നൽകിയിട്ടില്ല.
ദുരന്തമുണ്ടായി അഞ്ചാം മാസം കേരളത്തിന്റെ പ്രധാന ആവശ്യം അംഗീകരിച്ചിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര മന്ത്രിസഭാ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വയനാട് ഉരുൾപ്പൊട്ടൽ, അതിതീവ്ര ദുരന്തമായി കണക്കാക്കുന്നുവെന്നാണ് കത്തിലുള്ളത്. ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, സംസ്ഥാന റവന്യു സെക്രട്ടറിക്ക് കത്ത് കൈമാറി. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള അധിക ഫണ്ടുകൾ സംസ്ഥാനത്തിന് ലഭിക്കുന്നതിന് അവസരമൊരുങ്ങും. എംപി ഫണ്ടുകൾ ഉപയോഗിക്കാനാകും. എന്നാൽ പ്രത്യേക ധനസഹായ പാക്കേജിൽ കേന്ദ്രം ഇപ്പോഴും മൗനം തുടരുകയാണ്.
ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഇതിനകം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് നൽകിയിട്ടുണ്ടെന്നാണ് പുതിയ കത്തിലും സൂചിപ്പിക്കുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം നൽകുക, ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക, പുനർനിർമാണത്തിന് പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുക എന്നീ നാല് ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്. ഇതിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം ഇനി അനുവദിക്കില്ലെന്ന സൂചനയാണ് കേന്ദ്രം ആവർത്തിക്കുന്നത്. കടങ്ങൾ എഴുതിത്തള്ളുന്നതിൽ മറുപടിയായിട്ടില്ല. പിഡിഎംഎ (PDMA) പരിശോധിച്ചതിന് ശേഷം, ഇനി പുനർനിർമാണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
content highlight : wayanad-landslide-was-declared-as-an-extreme-disaster